കനത്ത മഴ: കോട്ടയം ജില്ലയിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം : ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും അനുഭവപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രധാന പാതകളിലെ ഗതാഗത തടസ്സം:


1. പാലാ – ഈരാറ്റുപേട്ട റോഡ്: റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്.


2. കോട്ടയം – കുമരകം – ചേർത്തല റോഡ്: താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയത് വഴി ഈ റൂട്ടിലൂടെയുള്ള യാത്ര ദുഷ്കരമായിട്ടുണ്ട്.

3. കോട്ടയം – ഇറഞ്ഞാൽ റോഡ്: ഇവിടെയും വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം നേരിടുന്നുണ്ട്.

4. അയർക്കുന്നം റൂട്ടുകൾ: അയർക്കുന്നത്തേക്ക് പോകുന്ന വിവിധ അനുബന്ധ റോഡുകളിലും വെള്ളം കയറിയ നിലയിലാണ്.

5. ഏറ്റുമാനൂർ – മണർകാട് റോഡിൽ നാലുമണിക്കാറ്റിൽ വെള്ളം കയറി കിടക്കുന്നു


*വെള്ളത്തിലായ പ്രദേശങ്ങൾ:

പാല, ഈരാറ്റുപേട്ട ,നാട്ടകം, അയ്മനം, തിരുവാർപ്പ് എന്നീ പ്രദേശങ്ങൾ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൂടാതെ പേരൂർ, ആർപ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി.

പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

എ സി റോഡിൽ വീണ്ടും വെള്ളക്കെട്ട്: കിടങ്ങറയിൽ റോഡ് വെള്ളത്തിനടിയിൽ, യാത്ര ദുഷ്കരമായി

പ്രളയത്തെ പൂർണ്ണമായി അതിജീവിക്കുമെന്ന ഉറപ്പിൽ കോടികൾ ചെലവിട്ട് പുനർനിർമ്മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എ സി) റോഡിൽ വീണ്ടും വെള്ളക്കെട്ട്. കിടങ്ങറ ഭാഗത്താണ് റോഡിന്റെ ഒരുവശം പൂർണ്ണമായും വെള്ളത്തിനടിയിലായത്.

പ്രദേശത്ത് നിലവിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ലെങ്കിലും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രയാണ് ഏറെ ദുഷ്കരമായിരിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹനങ്ങൾ വഴുതിവീഴാനുള്ള സാധ്യതയും അപകടഭീഷണിയും വർദ്ധിപ്പിച്ചിട്ടുണ്ട്.

വൻ തുക ചെലവഴിച്ച് റോഡിന്റെ ഉയരം കൂട്ടി, പ്രളയത്തെ അതിജീവിക്കുന്ന രീതിയിൽ അത്യാധുനിക സാങ്കേതിക വിദ്യയോടെയായിരുന്നു എ സി റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. എന്നാൽ  ശക്തമായ മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കയറുന്നത് നിർമ്മാണത്തിലെ വീഴ്ചയാണോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!