ബംഗളൂരു: മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ ബംഗളൂരുവിൽ നിന്ന് രണ്ട് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളിയിൽ നിന്നും കോട്ടയത്തേക്കാണ് രണ്ട് സർവീസുകളും. ആഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്കും 26, 30 തീയതികളിൽ കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഇരു ട്രെയിനുകളിലും 20 കോച്ചുകൾ വീതമുണ്ടാകും. പാലക്കാട് വഴിയാണ് രണ്ട് സർവീസുകളും കടന്നു പോകുന്നത്.
ഹുബ്ബള്ളി–കോട്ടയം–ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ 07351) ആദ്യ സർവീസ് ഓഗസ്റ്റ് 25ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. വൈകുന്നേരം 6.30ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 26ന് വൈകുന്നേരം 4.40ന് കോട്ടയത്ത് എത്തിച്ചേരും. മടക്ക സർവീസ് (ട്രെയിൻ നമ്പർ 07352) ഓഗസ്റ്റ് 26ന് രാത്രി 10.30ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 27ന് രാത്രി 8 മണിക്ക് ഹുബ്ബള്ളിയിൽ തിരിച്ചെത്തും.
രണ്ടാമത്തെ സർവീസ് ഹുബ്ബള്ളി–കോട്ടയം–ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ 07353) ഓഗസ്റ്റ് 29ന് ഉച്ചകഴിഞ്ഞ് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 30ന് വൈകുന്നേരം 4.15ന് കോട്ടയത്ത് എത്തും. മടക്ക സർവീസ് (ട്രെയിൻ നമ്പർ 07354) ഓഗസ്റ്റ് 30ന് രാത്രി 10.30ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 1ന് രാത്രി 8.05ന് ഹുബ്ബള്ളിയിൽ എത്തിച്ചേരും.
ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് എസ്‌എസ്‌എസ് ഹുബ്ബള്ളി – രാമേശ്വരം – എസ്‌എസ്‌എസ് ഹുബ്ബള്ളി പ്രതിവാര എക്‌സ്‌പ്രസ് (07355/07356) സ്പെഷ്യൽ സർവീസിന്റെ കാലാവധി ദീർഘിപ്പിക്കാനും റെയിൽവേ തീരുമാനിച്ചു. ജൂലൈ 26 വരെ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന എസ്‌എസ്‌എസ് ഹുബ്ബള്ളി – രാമേശ്വരം പ്രതിവാര എക്‌സ്‌പ്രസ് സ്പെഷ്യൽ (07355) ഇനി ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 30 വരെയും സർവീസ് നടത്തും.
ജൂലൈ 27 വരെ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന രാമേശ്വരം – എസ്‌എസ്‌എസ് ഹുബ്ബള്ളി പ്രതിവാര എക്‌സ്‌പ്രസ് സ്പെഷ്യൽ (07356) ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 31 വരെയും സർവീസ് നടത്തും. ദീർഘിപ്പിച്ച കാലയളവിൽ നിലവിലെ സമയക്രമം, സ്റ്റോപ്പുകൾ, കോച്ചുകളുടെ ക്രമീകരണം എന്നിവയിൽ മാറ്റമില്ലാതെ ഈ ട്രെയിനുകൾ അഞ്ച് അധിക സർവീസുകൾ കൂടി നടത്തുമെന്നും റെയിൽവേ അറിയിച്ചു.
