മൂന്നാര്‍ : മാട്ടുപ്പെട്ടിയില്‍ സഞ്ചാരികള്‍ക്കായി സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ട് സര്‍വീസ് ആരംഭിച്ചു. ഒരേ സമയം 30 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടാണ് ഓടിത്തുടങ്ങിയത്. സോളാര്‍ ബോട്ടില്‍ ഒരാള്‍ക്ക് 20 മിനിറ്റ് യാത്രയ്ക്ക് 300 രൂപയാണ് നിരക്ക്.
ഹൈഡല്‍ ടൂറിസം വകുപ്പ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ബോട്ട് ഗലേറിയ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ സോളാര്‍ ബോട്ട് സര്‍വീസ് നടത്തുന്നത്. സോളാര്‍ ഊര്‍ജം ലഭിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗിച്ചും ഈ ബോട്ട് ഓടിക്കാന്‍ കഴിയും.
നിലവില്‍ ഹൈഡല്‍ ടൂറിസം നേരിട്ട് മാട്ടുപ്പെട്ടിയില്‍ ഒരു ഇലക്ട്രിക് ബോട്ട് (ഇ-ബോട്ട്) സര്‍വീസ് നടത്തുന്നുണ്ട്. 20 പേര്‍ക്ക് അര മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 2,000 രൂപയാണ് നിരക്ക്. ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാട്ടുപ്പെട്ടിയില്‍ ഇ-ബോട്ടും സോളാര്‍ ബോട്ടും സര്‍വീസ് ആരംഭിച്ചത്.