വീട്ടിൽ നിന്ന് ഇറക്കിവിട്ടും മർദിച്ചും 73കാരിയായ അമ്മയ്ക്ക് നേരെ മകന്റെ അതിക്രമം…

തിരുവനന്തപുരം: ആറ്റുകാലിൽ 73കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമർദനം. ആറ്റുകാൽ സ്വദേശിയായ സരസ്വതി അമ്മയ്ക്കാണ് മകനും മരുമകളും ചേർന്ന് മർദിച്ചതായി പരാതി. ദേഹമാസകലം മുറിവേറ്റ പാടുകളുള്ള സരസ്വതി അമ്മയുടെ ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടർന്ന് എട്ടോളം സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും സരസ്വതി അമ്മ ആരോപിക്കുന്നു.

അമ്മയുടെ പേരിലുള്ള വസ്തു ഈടായി വെച്ച് മകൻ മധു 5 ലക്ഷം വായ്പ എടുത്തതായും, കഴിഞ്ഞ ഏഴ് വർഷമായി ആ വായ്പയുടെ തുക വീട് ജോലിക്ക് പോയി താനാണ് തിരിച്ചടയ്ക്കുന്നതെന്നും സരസ്വതി അമ്മ പറയുന്നു.

വീട് ഒഴിയണമെന്ന ഫോർട്ട് പൊലീസിന്റെ മുന്നറിയിപ്പും മകൻ മധു അവഗണിച്ചതായാണ് വിവരം. മധുവിന്റെ ഭാര്യ ആതിരയും തന്നെ മർദിച്ചതായും ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകളാണെന്നും സരസ്വതി അമ്മ ആരോപിച്ചു. നിലവിൽ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി അമ്മ കഴിയുന്നത്.

ചൊവ്വാഴ്ച വീട്ടിലെത്തി തന്റെ പ്രശ്നങ്ങൾ പറയുന്നതിനിടെയാണ് മരുമകൾ ആക്രമിച്ചതെന്ന് സരസ്വതി അമ്മ പറഞ്ഞു. അതേസമയം, വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടിട്ടുണ്ട്. സരസ്വതി അമ്മയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അടിയന്തരമായി നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നടന്നത് ക്രൂരമായ സംഭവമാണെന്നും മന്ത്രി പ്രതികരിച്ചു.

സംഭവത്തിൽ കേസെടുക്കാനും മകൻ മധുവിനെ അറസ്റ്റ് ചെയ്യാനുമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ആദ്യം ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. കുടുംബപ്രശ്നമെന്ന നിലയിൽ പരിഹരിക്കാനായിരുന്നു ശ്രമം. എന്നാൽ സംഭവം പുറത്തുവന്നതിന് പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!