വീട്ടമ്മയോട് പോയി കേസ് കൊടുക്കാൻ പറഞ്ഞ കടയുടമയ്ക്ക് ഉപഭോക്തൃ കോടതി പിഴയിട്ടു: കാലാവധി കഴിഞ്ഞ ഉത്പന്നം വിറ്റതാണ് കേസ്…

തൃശൂർ: കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വില്‍ക്കുകയും ചോദ്യംചെയ്ത വീട്ടമ്മയോട് മോശമായി പെരുമാറുകയും ചെയ്ത കടയുടമയ്ക്ക് തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ശിക്ഷ വിധിച്ചു.

ഹർജിക്കാരിക്ക് ഉത്പന്നത്തിന്റെ വിലയായ 175 രൂപ തിരികെ നല്‍കുന്നതിനൊപ്പം 15,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാനാണ് വിധി. തിരൂരിലെ ഫാൻസി സ്റ്റോർ ഉടമയ്‌ക്കെതിരെ പോട്ടോർ കേശവം റെസിഡൻസിയിലെ സിന്ധു അശോക് കുമാർ ഫയല്‍ ചെയ്ത ഹർജിയിലാണ് നടപടി.

2023 മാർച്ച്‌ 19ന് 175 രൂപ നല്‍കി വാങ്ങിയ ‘യാർഡ്‌ലി ലണ്ടൻ ഇംഗ്ലീഷ് ബ്ലോസം’ എന്ന ഉത്പന്നത്തിന്റെ കാലാവധി 2022 ഡിസംബറില്‍ കഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘വേണമെങ്കില്‍ പോയി കേസ് കൊടുക്ക്’ എന്നായിരുന്നത്രെ കടയുടമയുടെ മറുപടി. സ്ഥാപനം നല്‍കിയ ബില്‍ മാഞ്ഞുപോകുന്ന അവസ്ഥയിലുമായിരുന്നു.

സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും മുൻനിറുത്തി, ഉത്പന്നത്തിന്റെ വിലയായ 175 രൂപയ്ക്ക് പുറമെ 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതിച്ചെലവായും നല്‍കാൻ സി.ടി.സാബു പ്രസിഡന്റും എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു. ഉപഭോക്താക്കള്‍ക്ക് വ്യക്തതയുള്ളതും മാഞ്ഞുപോകാത്തതുമായ ബില്ലുകള്‍ നല്‍കണമെന്നും വിധിയില്‍ കമ്മിഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!