തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പിഎസ്‌സി അംഗങ്ങൾ.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് അംഗങ്ങളുടെ തീരുമാനം. ഇക്കാര്യം അറിയിച്ച് ക്രൈംബ്രാഞ്ച് ഐജിക്ക് പിഎസ്‌സി കത്ത് നൽകി.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്നും ഈ മാസം 15 മുതൽ പിഎസ്‌സി ആസ്ഥാനത്ത് എപ്പോൾ വേണമെങ്കിലും മൊഴി രേഖപ്പെടുത്താമെന്നും കത്തിൽ വ്യക്തമാക്കി.
പിഎസ്‌സി അംഗങ്ങളുടെ മുറിയിൽവച്ച് മൊഴിയെടുക്കാമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിൽ നിയമോപദേശം തേടാനും പിഎസ്‌സി തീരുമാനിച്ചു.
അതേസമയം, ചോദ്യം ചെയ്യൽ എവിടെ നടത്തണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ പിഎസ്‌സി അംഗങ്ങൾക്ക് ക്രിമിനൽ നടപടിച്ചട്ടത്തിൽ പ്രത്യേക പരിരക്ഷയുണ്ടോ എന്നതും പരിശോധിക്കും. ഈ മാസം 15 മുതൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ്.പി. സഖറിയയാണ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്.
അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ.
ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി തലത്തിലെ കൂടുതൽ നടപടികളും ഉത്തരവാദിത്തങ്ങളും പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
