കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവുണ്ടായതോടെ ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതമായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലു ണ്ടായിരുന്ന തിനേക്കാൾ 1000 മെഗാവാട്ടിലേറെ അധിക ആവശ്യകത യാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതു മായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.
പുതിയ കെട്ടിടങ്ങളുടെ നിർമാണം, എസി, ഫാൻ എന്നിവയുടെ വർധിച്ച ഉപയോഗം, രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നത് തുടങ്ങിയവ പീക്ക് അവറിലെ വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർത്തിയതായി മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം വർധിച്ചതിനൊപ്പം ഉൽപാദനം കുറഞ്ഞതും കൽക്കരി ക്ഷാമവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. അടിയന്തരമായി വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന ഡേ-അഹെഡ് മാർക്കറ്റിലും റിയൽ ടൈം മാർക്കറ്റിലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
അഖിലേന്ത്യാതലത്തിൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ വൈദ്യുതിയുടെ വില ഉയർന്നിരിക്കുക യാണ്. രാത്രികാലങ്ങളിൽ പരമാവധി 10 രൂപ വരെ യൂണിറ്റിന് നൽകിയാണ് ബോർഡിന് വൈദ്യുതി വാങ്ങാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനം സ്വന്തമായി ഉൽപാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം വലിയ ജലവൈദ്യുതി പദ്ധതികൾ ആരംഭിക്കാൻ സാധിച്ചിട്ടില്ലെ ന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനായി ദീർഘകാല കരാർ ഉണ്ടാക്കിയിരുന്നു വെന്നും മന്ത്രി പറഞ്ഞു. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാർ റദ്ദാക്കിയത് വലിയ തിരിച്ചടിയായെന്നാണ് മന്ത്രിയുടെ പ്രതികരണം.
കരാർ പുനഃസ്ഥാപിക്കണമെ ന്നാവശ്യപ്പെട്ടുള്ള കേസ് സുപ്രീം കോടതിയിൽ തുടരുകയാണ്. കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പകൽ ലഭിക്കുന്ന സോളാർ വൈദ്യുതി രാത്രികാലത്തേക്ക് സംഭരിച്ചുവെക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. ബ്രഹ്മപുരത്ത് 500 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് പ്രോജക്ടിനായി സ്ഥലം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവിലെ വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെന്നും ‘സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ല’ പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാനും പ്രതിസന്ധി മറികടക്കാൻ സഹകരിക്കാനും ജനങ്ങളോട് മന്ത്രി അഭ്യർഥിച്ചു.
