ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ബിജെപി പ്രവർത്തകനു ഏതൊരു പദവിയേക്കാളും രാജ്യത്തിന്റെയും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും താൽപര്യമാണ് മുൻഗണനയെന്നും, ധർമ്മേന്ദ്ര പ്രധാന്റെ രാജി അതിന് ഉദാഹരണമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മോദി സർക്കാർ വിദ്യാർത്ഥികളുടെ വികാരങ്ങളെ മാനിക്കുന്നതായും, ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരീക്ഷാ സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനങ്ങൾ അഭിനന്ദനാർഹമാണെന്നും, നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാൻ അവ സഹായിക്കുമെ ന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ ധർമ്മേന്ദ്ര പ്രധാൻ നൽകിയ സംഭാവനകളെയും അമിത് ഷാ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, മാതൃഭാഷകളിൽ പരീക്ഷകൾക്ക് പ്രാധാന്യം നൽകൽ, പിഎം പശീ സ്കൂളുകളുടെ വികസനം. ഡിജിറ്റൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ – അക്കാദമിക് സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചുവെന്ന് ഷാ ചൂണ്ടിക്കാട്ടി.
പരീക്ഷാ സംവിധാനം കൂടുതൽ വിദ്യാർത്ഥിസൗഹൃദവും ഉൾക്കൊള്ളു ന്നതുമാക്കാൻ പ്രധാൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണെന്നും, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഭരണകാലത്ത് വ്യക്തമായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാജിക്ക് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ചേർന്ന് അമിത് ഷാ ധർമ്മേന്ദ്ര പ്രധാന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു.
