കോട്ടയം: സ്നേഹത്തിന്റെയും സൗഹാർദത്തിൻ്റെയും സന്ദേശം വിളിച്ചോതിയ വ്യത്യസ്തമായൊരു കാഴ്ചയ്ക്ക് സാക്ഷിയായി കോട്ടയം ഇത്തിത്താനം.
ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബ ന്ധിച്ചുള്ള ഗാനമേളയിലാണ് മതസൗഹാർദത്തിന്റെ മനോഹരമായ നിമിഷം അരങ്ങേറിയത്.
പെരുന്നാൾ ആഘോഷങ്ങൾക്കെത്തിയ ഹൈന്ദവ വിശ്വാസികളുടെ അഭ്യർഥന മാനിച്ച് പള്ളി വികാരി ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് വേദിയിലെത്തി ശ്രീകൃഷ്ണ ഭക്തിഗാനം ആലപിക്കുകയായിരുന്നു. യേശുദാസിന്റെ ശബ്ദത്തിൽ ശ്രദ്ധേയമായ ‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ’ എന്ന ഗാനമാണ് വൈദികൻ ആലപിച്ചത്.
ഭക്തിയോടെയും ആർദ്രതയോടെയും ഫാ. ഫ്രാൻസിസ് ഗാനം ആലപിച്ചപ്പോൾ സദസ്സ് ഒന്നടങ്കം ഏറ്റെടുത്തു. ഗാനം അവസാനിച്ചതിന് പിന്നാലെ നിരവധി വിശ്വാസികൾ വേദിയിലേക്ക് ഓടിയെത്തി വൈദികനെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചു. ഈ നിമിഷം തന്റെ കണ്ണുകളെയും ഈറനണിയിച്ചെന്ന് ഫാ. ഫ്രാൻസിസ് പിന്നീട് പ്രതികരിച്ചു.
ഗാനം ആലപിക്കണമെന്ന ആവശ്യം നിരസിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പനോടുള്ള ഹൈന്ദവ സഹോദരങ്ങളുടെ ഭക്തി ഒരു ഗാനത്തിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞത് തനിക്ക് ഏറെ സന്തോഷം നൽകിയെന്നും ഫാ. ഫ്രാൻസിസ് വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ ഒരു ക്ഷേത്രത്തിൽ ‘നന്ദഗോവിന്ദം ഭജൻസ്’ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചിരുന്നു. എന്നാൽ അന്നത്തെ സംഭവത്തെ ചില തീവ്ര മതവാദികൾ വിമർശിച്ചിരുന്നു. ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം ആലപിക്കാമെങ്കിൽ പള്ളിയിൽ ഹൈന്ദവ ഭക്തിഗാനം ആലപിക്കാൻ കഴിയുമോയെ ന്നായിരുന്നു അന്ന് ഉയർന്ന ചോദ്യം.
ഇതിനുള്ള മറുപടിപോലെയാണ് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ ഈ വേറിട്ട അനുഭവവും വിലയിരുത്തപ്പെടുന്നത്. മതവിദ്വേഷ പ്രചാരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസങ്ങളോടുള്ള ബഹുമാനത്തിന്റെയും സന്ദേശം പകരുന്ന വൈദികന്റെ ഗാനാലാപനം ഇതിനോടകം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു.
