ധാക്ക: വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്.
ഫൈനലില്‍ ചൈനീസ് തായ്‌പേയ് വനിതാ ടീമിനെ വീഴ്ത്തിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഫൈനലില്‍ 35-28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം.
11 രാജ്യങ്ങളാണ് വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്.
തായ്‌ലന്‍ഡിനെ 65-20 സ്‌കോറിനും, ആതിഥേയരായ ബംഗ്ലാദേശിനെ 43-18, ജര്‍മനിയെ 63-22, ഉഗാണ്ടയെ 51-16നും ലീഗ് ഘട്ടത്തില്‍ ഇന്ത്യ വീഴ്ത്തി. സെമിയില്‍ ഇറാനെ 33-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
