ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ മറവിൽ വൻ സംഘർഷത്തിന് ശ്രമം നടക്കുന്നതായി ഡൽഹി പോലീസിന്റെ സുപ്രധാന വെളിപ്പെടുത്തൽ.
പ്രക്ഷോഭ സ്ഥലത്ത് വിന്യസിച്ച അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (എഫ്ആർഎസ്) ക്യാമറകൾ വഴി കുറ്റകൃത്യങ്ങളിൽ പങ്കാളികളായ 2,500-ലധികം ക്രിമിനലുകളെയും സാമൂഹികവിരുദ്ധരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിലുണ്ടായ അക്രമസംഭവങ്ങൾക്ക് ശേഷം ജൂലൈ 21 മുതൽ 23 വരെയുള്ള മൂന്ന് ദിവസത്തിനുള്ളിലാണ് ജന്തർ മന്തറിലെ പ്രധാന പ്രവേശന, നിർഗ്ഗമന കവാടങ്ങളിൽ സ്ഥാപിച്ച നാല് എഫ്ആർഎസ് യൂണിറ്റുകൾ വഴി ഈ ക്രിമിനലുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ സമരം അക്രമാസക്തമാക്കാനും പൊതുമുതൽ നശിപ്പിക്കാനും സുരക്ഷാ ജീവനക്കാരെ ആക്രമിക്കാനും ശ്രമിച്ച സംഭവങ്ങളിൽ ഡൽഹി പോലീസ് ഇതുവരെ 15 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.
പോലീസിന്റെ ക്രിമിനൽ ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള എഫ്ആർഎസ് ക്യാമറകൾ തത്സമയം സെക്കന്റുകൾക്കു ള്ളിൽ പ്രതികളുടെ മുഖം തിരിച്ചറിയുന്ന സംവിധാനമാണ്. സാധാരണക്കാരായ വിദ്യാർത്ഥികളെയോ സമാധാനപരമായി പ്രതിഷേധിക്കുന്നവരെയോ നിരീക്ഷിക്കാനല്ല, മറിച്ച് പ്രക്ഷോഭത്തിലേക്ക് കടന്നുകൂടി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മുൻകാല കുറ്റവാളികളെയും വാണ്ടഡ് ലിസ്റ്റിലുള്ള ഒളിവുജീവനക്കാരെയും വേർതിരിച്ചറിയാനാണ് ഇത് ഉപയോഗിക്കുന്നത്.
സമരത്തിനിടെ കടന്നുകൂടിയ സാമൂഹികവിരുദ്ധർ പോലീസുകാർക്ക് നേരെ കത്തിയും മറ്റ് മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എഐ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും സിസിടിവി രേഖകളും പരിശോധിച്ച് അക്രമികൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.
റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യദിന ചടങ്ങുകളിലും വലിയ ഉത്സവങ്ങളിലുമാണ് സാധാരണയായി ഡൽഹി പോലീസ് എഫ്ആർഎസ് സാങ്കേതികവിദ്യ ഉപയോഗിക്കാറുള്ളത്. എന്നാൽ പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്കെയുടെ സിജെപി നടത്തുന്ന പ്രക്ഷോഭം പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തിലാണ് അതീവ സുരക്ഷ ഉറപ്പാക്കാൻ ഇത് സ്ഥാപിച്ചത്. ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ പോലീസ് കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
