കോട്ടയം : സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും, പിഴയും.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് ആണ് ശിക്ഷാ വിധി പ്രസ്താവിച്ചത്.
ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്.
കേസിൽ ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത് . കോടതി വിധിയെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
ദീർഘകാലമായി നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വ്യക്തിക്കെതിരെ ഈ നിർണായക ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പോലീസിൽ ഉന്നത പദവി വഹിച്ച ഒരാൾ അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്നത്.
