ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറന്ന് പാരാ പവർലിഫ്റ്റർ ചന്തു കുമാർ. പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ 130.9 പോയിന്റ് നേടി വെങ്കല മെഡൽ സ്വന്തമാക്കിയ ബിഹാർ സ്വദേശിയായ ചന്തു, മൂന്ന് ശ്രമങ്ങളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണിത്.
അതേസമയം, പുരുഷ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ അശോക് കുമാർ മാലിക്കും പരംജീത് കുമാറും മെഡൽ നേടാനായില്ല. അശോക് നാലാം സ്ഥാനത്തും പരംജീത് ഏഴാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്. ആദ്യ രണ്ട് ശ്രമങ്ങളിൽ 195 കിലോയും 200 കിലോയും വിജയകരമായി ഉയർത്തിയ അശോകിന്, നിർണായകമായ മൂന്നാം ശ്രമത്തിൽ 205 കിലോ ഉയർത്താനാകാതെ പോയതോടെയാണ് വെങ്കല മെഡൽ കൈവിട്ടത്.
നീന്തലിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ശ്രീഹരി നടരാജ് പുറത്തെടുത്തത്. പുരുഷന്മാരുടെ 50 മീറ്റർ ബാക്ക്സ്ട്രോക്ക് ഹീറ്റ്സിൽ 25.29 സെക്കൻഡ് സമയം കുറിച്ച് മികച്ച എട്ടാമനായി ഫിനിഷ് ചെയ്‌ത ശ്രീഹരി ഫൈനലിലേക്ക് യോഗ്യത നേടി.
