തിരുവനന്തപുരത്ത് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെ വ്യാപക പരിശോധന

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ നൂറിലധികം സ്ഥാപനങ്ങളിലാണ് 14 സ്ക്വാഡുകളായി പരിശോധന നടക്കുന്നത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഒരേസമയം പരിശോധന നടത്തുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ഭക്ഷണം തയ്യാറാക്കുന്ന സാഹചര്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷന് നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധനയും നടത്തിയിരുന്നു. തുടർന്ന് ചേർന്ന യോഗത്തിലാണ് നഗരത്തിലെ  ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചത്. ഇന്ന് ആരംഭിച്ച പരിശോധന വൈകിട്ടുവരെ തുടരുമെന്നാണ് വിവരം. പരിശോധനയിൽ ക്രമക്കേടുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!