പോള പൂർണ്ണമായും നീക്കി; ചങ്ങനാശേരി ബോട്ട്‌ജെട്ടിയില്‍ നിന്നും ബോട്ട്‌ സര്‍വീസ്‌ പുനരാരംഭിച്ചു

ചങ്ങനാശേരി: പോള തിങ്ങിനിറഞ്ഞതി നാല്‍ ഒന്നര മാസമായി സര്‍വീസ്‌ നിലച്ചിരുന്ന ബോട്ട്‌ജെട്ടിയിലെ പോള പൂര്‍ണമായി കോരിമാറ്റി ജലഗതാഗതത്തിനു സാഹചര്യമൊരു ക്കിയതിനെ തുടര്‍ന്നു ചങ്ങനാശേരി ബോട്ട്‌ജെട്ടിയില്‍ നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട്‌ സര്‍വീസ്‌ പുനരാരംഭിച്ചു.

ചങ്ങനാശേരിയില്‍ നിന്നു ലിസ്യു വഴി ആലപ്പുഴയിലേക്കു സര്‍വീസ്‌ നടത്തും. ദിവസവും ഉച്ചയ്‌ക്ക് 12.30ന്‌ ചങ്ങനാശേരിയില്‍നിന്നു ബോട്ട്‌ പുറപ്പെടും.

വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടനാട്‌ നിന്നുള്ളവരെ ജലമാര്‍ഗം ചങ്ങനാശേരിയില്‍ എത്തിക്കാനാകാതെ പോയതു പോള കാരണമാണ്‌. തുടര്‍ന്നാണു വിനു ജോബ്‌ എം.എല്‍.എ യുടെ നിര്‍ദേശപ്രകാരം പോളവാരല്‍ ആരംഭിച്ചത്‌.

പോളമാറ്റല്‍ വൈകിയതു കാരണം ഓണം ടൂര്‍ പാക്കേജ്‌ ജലഗതാഗത വകുപ്പിനു നടത്താനായില്ല. പോള കാരണം ബോട്ടിനു തകരാര്‍ പതിവായിരുന്നു. മുന്‍പ്‌ ആലപ്പുഴ ഡോക്കിലെ അറ്റകുറ്റപ്പണിക്കുശേഷം ജൂലൈ 15നു എത്തിച്ച ബോട്ട്‌ ഒരാഴ്‌ച്ച മാത്രമാണു ചങ്ങനാശേരിയില്‍നിന്നു സര്‍വീസ്‌ നടത്തിയത്‌.

ഇറിഗേഷന്‍ വകുപ്പാണു പോള മാറ്റിയത്‌. ജലഗതാഗതവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ ജലപാതയില്‍ പരിശോധന നടത്തിയതിനുശേഷമാണു സര്‍വീസ്‌ പുനരാരംഭിച്ചത്‌. ആലപ്പുഴയില്‍ അറ്റകുറ്റപ്പണി നടത്തുന്ന മറ്റൊരു യാത്രാബോട്ടും ചങ്ങനാശേരിയില്‍ എത്തിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ബോട്ട്‌ജെട്ടി തോട്ടിലേക്ക്‌ ഒഴുകിവരുന്ന പോള മാറ്റാന്‍ സ്‌ഥിരം സംവിധാനം വേണമെന്നാണു ജനകീയ ആവശ്യം.

ബോട്ട്‌ജെട്ടി തോട്ടിലെ എക്കലും ചെളിയും കോരി മാറ്റാത്തതു കാരണം തോടിന്‌ ആഴം കുറവാണ്‌. ചെളിയില്‍ പുതഞ്ഞു മാലിന്യം കിടക്കുന്നു. ഇത് വേനലക്കാലത്ത്‌ വെള്ളം കുറയുന്നതോടെ ബോട്ട്‌ സര്‍വീസിനു പ്രതിസന്ധി നേരിടുമെന്നു ജലഗതാഗതവകുപ്പ്‌ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!