ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ പൗരനെ കൂടി കാനഡ അറസ്റ്റ് ചെയ്തു. 22കാരനായ അമർദീപ് സിങാണ് പിടിയിലായത്.

കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കനേഡിയൻ പൊലീസ് പറയുന്നത്. കൊലപാതകം ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂൺ 18നാണ് നിജ്ജറിനെ വെടിവച്ചു കൊന്നത്.

നേരത്തെ മൂന്ന് ഇന്ത്യൻ പൗരൻമാരായ കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്. നിജ്ജറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണെന്നു കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കാനഡ- യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്ക് പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് നിജ്ജറിന്റെ മൃതദേഹം കണ്ടെത്തിയത്. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജർ. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണു നിജ്ജർ. കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നു സെപ്റ്റംബർ 18നു കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!