ന്യൂയോർക്ക് : ലോകകപ്പ് കിരീടം നേടുന്ന ടീമുകൾക്ക് കോടികളുടെ സമ്മാനത്തുകയാണ് ലഭിക്കുന്നത്. എന്നാൽ ആ തുക മുഴുവൻ ടീമുകളുടെ കൈയിലെത്തില്ലെന്നതാണ് യാഥാർഥ്യം. അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ ലഭിക്കുന്ന സമ്മാനത്തുകയുടെ വലിയൊരു വിഹിതം നികുതിയായി അടയ്‌ക്കേണ്ടിവ രുമെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ലോകകപ്പ് ജേതാക്കളായ സ്‌പെയിൻ ടീമിന് 50 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 482 കോടി രൂപ) സമ്മാനമായി ലഭിച്ചെങ്കിലും, അതിൽ നിന്ന് ഏകദേശം 30 ശതമാനം വരെ തുക യുഎസിന് നികുതിയായി നൽകേണ്ടിവരും.
അമേരിക്കയിലെ ഇന്റേണൽ റെവന്യൂ സർവീസ് (IRS) നിയമപ്രകാരം, യുഎസിൽ സമ്പാദിക്കുന്ന വരുമാനത്തിന് വിദേശ ടീമുകളും താരങ്ങളും നികുതി നൽകണം. സമ്മാനത്തുക മാത്രമല്ല, കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, റഫറിമാർ എന്നിവരുടെ വ്യക്തിഗത വരുമാനത്തിനും ഈ നിയമം ബാധകമാണ്.
ഏത് രാജ്യങ്ങൾക്ക് ഇളവ്?
അമേരിക്കയുമായി ഡബിൾ ടാക്‌സേഷൻ എഗ്രിമെന്റ് (DTA) ഉള്ള രാജ്യങ്ങൾക്ക് ചില നികുതി ഇളവുകൾ ലഭിക്കും. ലോകകപ്പിന് യോഗ്യത നേടിയ 48 രാജ്യങ്ങളിൽ വെറും 18 രാജ്യങ്ങൾക്കാണ് ഇത്തരമൊരു കരാർ ഉള്ളത്.
സ്‌പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ, മെക്സിക്കോ, ഓസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും യുഎസ് ഫെഡറൽ നികുതിയിൽ ഇളവുകൾ ലഭിക്കും.
ബ്രസീലിനും അർജന്റീനയ്ക്കും തിരിച്ചടി
ബ്രസീൽ, അർജന്റീന, ജപ്പാൻ, ദക്ഷിണ കൊറിയ, സെനഗൽ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്കയുമായി നികുതി ഉടമ്പടി ഇല്ല. അതിനാൽ ഈ രാജ്യങ്ങളുടെ ടീമുകൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന വരുമാനത്തിൽ വലിയൊരു വിഹിതം നികുതിയായി നൽകേണ്ടി വരും.
കളിക്കാർക്കും നികുതി ബാധകം
രാജ്യങ്ങൾ തമ്മിൽ നികുതി ഉടമ്പടി ഉണ്ടായാലും ഇല്ലെങ്കിലും, കളിക്കാർക്ക് ലഭിക്കുന്ന വ്യക്തിഗത വരുമാനത്തിന് അമേരിക്കയിൽ നികുതി നൽകേണ്ടത് നിർബന്ധമാണ്. ഫെഡറൽ ഇൻകം ടാക്‌സ് നിരക്ക് 37 ശതമാനം വരെ എത്താം.
ഇതിന് പുറമെ ചില സംസ്ഥാനങ്ങളിൽ സംസ്ഥാന നികുതിയും ബാധകമാണ്. കാലിഫോർണിയയിൽ 13.3 ശതമാനവും ന്യൂജേഴ്സിയിൽ 10.75 ശതമാനവുമാണ് അധിക നികുതി. എന്നാൽ ഫ്ലോറിഡ സംസ്ഥാനത്ത് സംസ്ഥാന ഇൻകം ടാക്‌സ് ഇല്ലാത്തതിനാൽ അവിടെ മത്സരിക്കുന്നവർക്ക് അധിക നികുതി ബാധ്യത ഒഴിവാകും.
