പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവാദത്തിനെതിരെ വീണ്ടും നിർണായക നേട്ടവുമായി ഇന്ത്യൻ സുരക്ഷാസേന. ബുഡ്ഗാം ജില്ലയിലെ യൂസ്മാർഗ് വനാതിർത്തി മേഖലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ മുൻനിര ലഷ്‌കറെ ത്വയ്യിബ (LeT) പാകിസ്ഥാൻ കമാൻഡറായ യാസിറിനെ സുരക്ഷാസേന വധിച്ചു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്പെഷ്യൽ ഫോഴ്സും 53 രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിനൊടുവിലാണ് വെടിവെപ്പുണ്ടായത്.

കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ സുലൈമാൻ മൂസയുടെ ഗ്രൂപ്പിലെ പ്രധാന അംഗമായിരുന്നു വധിക്കപ്പെട്ട യാസിർ. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഈ സംഘത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാൾ യൂസ്മാർഗ് മേഖല കേന്ദ്രീകരിച്ച് സ്വന്തമായി ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയായിരുന്നു. ഇയാളെ പിടികൂടാനായി സുരക്ഷാ ഏജൻസികൾ ദീർഘനാളായി നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു.

ശനിയാഴ്ചയോടെ ഇയാളുടെ ഒളിത്താവളം വളഞ്ഞ സൈന്യത്തിന് നേരെ യാസിർ വെടിയുതിർക്കുകയായിരുന്നു. തുടന്നുണ്ടായ ശക്തമായ തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടത്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. യാസിറിന്റെ താവളങ്ങളും, പ്രാദേശികമായി ഇയാൾക്ക് ലഭിച്ച സഹായങ്ങളും, അടുത്ത കാലത്തുണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാളുടെ പങ്കും സുരക്ഷാ ഏജൻസികൾ വിശദമായി അന്വേഷിച്ചുവരികയാണ്. “നിങ്ങൾക്ക് ഓടിയൊളിക്കാം, പക്ഷെ രക്ഷപ്പെടാനാകില്ല” എന്ന് കുറിച്ചാണ് ജമ്മു കശ്മീർ പോലീസ് ഈ വാർത്ത എക്സിലൂടെ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!