എലോയ് റൂമിന്റെ 15 സേവുകള്‍! ഇക്വഡോറിനെ സമനിലയില്‍ തളച്ച് ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ക്യുറസാവോ

കാന്‍സാസ് സിറ്റി: ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ കരുത്തരായ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്യുറസാവോ ചരിത്ര നേട്ടത്തില്‍.

ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മത്സരം 0-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ ക്യുറസാവോയ്ക്ക്, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റാണിത്.

മത്സരത്തിലുടനീളം ഇക്വഡോര്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും ക്യുറസാവോ ഗോള്‍കീപ്പര്‍ എലോയ് റൂമിന്റെ അവിശ്വസനീയ പ്രകടനമാണ് ടീമിന് രക്ഷയായത്. ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയയുടെയും ഗോണ്‍സാലോ പ്ലാറ്റയുടെയും ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങളാണ് റൂം തട്ടിയകറ്റിയത്.

മത്സരത്തില്‍ ആകെ 15 തകര്‍പ്പന്‍ സേവുകളുമായി താരം കളം നിറഞ്ഞു. ലോകകപ്പ് മത്സരങ്ങളിലെ ഏറ്റവും കൂടുതല്‍ സേവുകളെന്ന റെക്കോഡ് റൂം സ്വന്തം പേരിലാക്കി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇക്വഡോര്‍ താരം ജോര്‍ഡി കൈസെഡോയുടെ ഒരു ഹെഡര്‍ പോസ്റ്റില്‍ തട്ടി തെറിച്ചതും അവര്‍ക്ക് നിര്‍ഭാഗ്യമായി.

മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ കുറസാവോയും ഇക്വഡോര്‍ പ്രതിരോധത്തെ പരീക്ഷിച്ചു. ജുറീന്യോ ബാക്കൂണയുടെ ഒരു ഷോട്ട് ഇക്വഡോര്‍ കീപ്പര്‍ ഹെര്‍ണാന്‍ ഗാലിന്‍ഡസ് കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇക്വഡോറിന് അനുകൂലമായി വന്ന ഒരു പെനാല്‍റ്റി അപ്പീല്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചതും ക്യുറസാവോയ്ക്ക് തുണയായി. സമനിലയോടെ ഇരുടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ പോയിന്റ് വീതമായി. ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട ഇക്വഡോറിന് ഈ സമനില വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ഇന്നത്തെ മത്സരങ്ങൾ…

രാവിലെ 9.30 ന് തുനീസിയ – ജപ്പാൻ

രാത്രി 9.30 ന് സ്പെയിൻ – സൗദി അറേബ്യ

രാത്രി 12.30ന് ബൽജിയം – ഇറാൻ

പുലർച്ചെ 3.30ന് (തിങ്കളാഴ്ച) യുറഗ്വായ് – കാബോ വെർദെ

നാളത്തെ മത്സരങ്ങൾ

രാവിലെ 6.30ന് ന്യൂസിലൻഡ് – ഈജിപ്ത്

രാത്രി 10. 30 ന് അർജൻ്റീന – ഓസ്ട്രിയ

പുലർച്ചെ 2.30ന് (ചൊവ്വാഴ്ച) ഫ്രാൻസ് – ഇറാഖ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!