പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള രമ്യയുടെ നീക്കം പാളി; നിയമസഭാ സെക്രട്ടേറിയറ്റ് കത്ത് മടക്കി

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളി വിവാദത്തിൽ കെ.പി.സി.സി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എൽ.എയുടെ നീക്കം പാളി. മർദ്ദന വിവാദത്തിന് മുൻപുള്ള തീയതി രേഖപ്പെടുത്തി നൽകിയ അപേക്ഷ ചട്ടപ്രകാരം അംഗീകരിക്കാനാകില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. തുടർന്ന് കത്ത് മടക്കി നൽകി.

മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പ്രദീപിനെ ഔദ്യോഗിക സ്റ്റാഫായി നിയമിക്കണമെന്നായിരുന്നു എം.എൽ.എയുടെ ആവശ്യം. പ്രദീപ് നിലവിലും തന്റെ ഔദ്യോഗിക സ്റ്റാഫിൽ തുടരുകയാണെന്നായിരുന്നു രമ്യ ഹരിദാസിന്റെ നിലപാട്. ഈ വാദത്തിന് സാങ്കേതികമായി സാധുത ഉറപ്പാക്കുന്നതിനായാണ് മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി അപേക്ഷ നൽകിയത്.

സെപ്റ്റംബർ നാലാം തീയതി രേഖപ്പെടുത്തിയ കത്താണ് ഇന്ന് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയത്. പ്രദീപിനൊപ്പം കോഴിക്കോട് സ്വദേശിയായ കുഞ്ഞഹമ്മദിനെയും മുൻകാല പ്രാബല്യത്തോടെ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ പഴയ തീയതി രേഖപ്പെടുത്തി നിയമന നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പകരം പുതിയ തീയതിയിൽ, തത്സമയ പ്രാബല്യമുള്ള നിയമന അപേക്ഷ നൽകാനാണ് നിർദേശം.

അവലോകന യോഗത്തിലെ ഇടപെടൽ വിവാദമായി

ഔദ്യോഗിക പദവിയൊന്നുമില്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിൽ പാളയം പ്രദീപ് ഇടപെട്ട് സംസാരിച്ചതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇതിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രദീപിനെ ഔദ്യോഗികമായി സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള എം.എൽ.എയുടെ നീക്കം ശക്തമായത്.

എന്നാൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാനുള്ള അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റ് അംഗീകരിക്കാതിരുന്നതോടെ ഈ നീക്കത്തിന് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!