വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ (Semiquincentennial) ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക ഒരു ഡോളർ നാണയം പുറത്തിറക്കി യുഎസ് മിന്റ്. ബുധനാഴ്ച വിപണിയിലെത്തിച്ച സ്വര്‍ണനിറത്തിലുള്ള നാണയത്തിന്റെ മുൻവശത്ത് (Heads) ട്രംപിന്റെ മുഖമാണ് നൽകിയിരിക്കുന്നത്. ട്രംപിന്റെ ചിത്രത്തിന് ഒപ്പം മുകൾഭാഗത്തായി ‘ലിബർട്ടി’ എന്നും ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ എന്നും താഴെ ‘1776 – 2026’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
നാണയത്തിന്റെ മറുഭാഗത്ത് (Tails) അമേരിക്കയുടെ ദേശീയ ചിഹ്നമായ ഗ്രേറ്റ് സീലും ഇതോടൊപ്പം അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷങ്ങളെ അനുസ്മരിപ്പിക്കുന്ന ‘250’ എന്ന നമ്പറും നൽകിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന പ്രസിഡന്റുമാരുടെ മുഖം കറൻസികളിൽ പതിപ്പിക്കുന്നത് യുഎസ് നിയമപ്രകാരം അപൂർവ്വമാണെങ്കിലും സ്വാതന്ത്ര്യ വാർഷികത്തിന്റെ ഭാഗമായി പ്രത്യേക അനുമതിയോടെയാണ് ട്രംപിന്റെ മുഖമുള്ള നാണയം നിർമ്മിച്ചിരിക്കുന്നത്.
റോൾ, ബാഗ് രീതികളിൽ ശേഖരിക്കുന്നതിനായി യുഎസ് മിന്റ് പുറത്തിറക്കിയ ഈ ഓർമ്മ നാണയങ്ങൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. സ്വർണ്ണ നിറമാണെങ്കിലും ചെമ്പ്, സിങ്ക്, നിക്കൽ തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചാണ് നാണയം നിർമ്മിച്ചിരിക്കുന്നത്. മുൻപ് കാൽവിൻ കൂളിഡ്ജ് പ്രസിഡന്റായിരുന്ന സമയത്തും ഇത്തരത്തിൽ ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ മുഖമുള്ള സ്മരണിക നാണയം അമേരിക്ക പുറത്തിറക്കിയിട്ടുണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ട്രംപിന്റെ നാണയചിത്രം വലിയ തോതിൽ തരംഗമായി മാറിക്കഴിഞ്ഞു.
