കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തിയെന്നാണ് കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളുടെ പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി. പ്രസവത്തിന് ശേഷമുള്ള ചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ഒരു വർഷത്തോളം കുഞ്ഞ് വേദന അനുഭവിച്ചെന്നും മാതാപിതാക്കൾ പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്തതായി മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
കുഞ്ഞിന്റെ ശരീരത്തിൽ സൂചി എങ്ങനെ എത്തിയെന്നതും ഇത് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ സംഭവിച്ചതാണോയെന്നതുമടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിക്കുക. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
