ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്‌പാനിഷ് നായകൻ റോഡി സ്വന്തമാക്കി. മധ്യനിരയിൽ അസാധാരണ സ്ഥിരതയും നിയന്ത്രണവും പ്രകടിപ്പിച്ച റോഡ്രിയാണ് സ്പെയിന്റെ കിരീടയാത്രയുടെ മുഖ്യശക്തിയായത്.
മികച്ച യുവതാരത്തിനുള്ള പുരസ്‌കാരമായ യങ് പ്ലെയർ അവാർഡ് പൗ കുബാർസിക്കും, മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ ഉനായ് സിമോണിനും ലഭിച്ചു. മുഴുവൻ ടൂർണമെന്റിലും ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധമാണ് സ്പെയിന്റെ നേട്ടത്തിന് അടിത്തറയായത്.
അതേസമയം, ടൂർണമെന്റ്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫ്രാൻസിൻ്റെ കിലിയൻ എംബാപെ നിലനിർത്തി. പത്ത് ഗോളുകളാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്.
ഫൈനലിൽ തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം സ്പെയിന്റെ കൈകളിലായിരുന്നു. പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ സ്പാനിഷ് സംഘം അർജന്റീനയെ സ്വന്തം പകുതിയിൽ ഒതുക്കി. എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ് ലഭിച്ചതോടെ പത്ത് പേരായി ചുരുങ്ങിയ അർജന്റീന അവസാനവരെ പൊരുതിയെങ്കിലും സ്പെയിന്റെ തുടർച്ചയായ ആക്രമണങ്ങളെ ചെറുക്കാനായില്ല. ഒടുവിൽ 106-ാം മിനിറ്റിൽ നിക്കോ വില്യംസിന്റെ പാസിൽ നിന്ന് ഫെറാൻ ടോറസ് വിജയഗോൾ നേടി.
2010-ൽ ആന്ദ്രസ് ഇനിയേസ്റ്റയുടെ സുവർണഗോളിലൂടെ ആദ്യമായി ലോകകപ്പ് ഉയർത്തിയ സ്പെയിൻ, പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ലോകഫുട്ബോളിന്റെ നെറുകയിലെത്തി. ആദ്യപകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതിരുന്ന അർജന്റീന രണ്ടാം പകുതിയിലും കാര്യമായ മുന്നേറ്റങ്ങൾ സൃഷ്ടിച്ചില്ല. പ്രതിരോധത്തിന് ഊന്നൽ നൽകിയ അവരുടെ തന്ത്രത്തിന് ഇടയിൽ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസ് പരിക്കേറ്റ് പുറത്തായത് കൂടി വലിയ തിരിച്ചടിയായി. സ്പെയിന്റെ സമഗ്ര മികവിന് മുന്നിൽ ഒടുവിൽ നിലവിലെ ചാംപ്യന്മാർക്ക് കിരീടം കൈമാറേണ്ടി വന്നു.
റോഡ്രിക്ക് ഗോൾഡൻ ബോൾ; എംബാപെയ്ക്ക് ഗോൾഡൻ ബൂട്ട്
