തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ച് സി.പി.എം. മുഖപത്രമായ ദേശാഭിമാനി.
വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കിയ വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ മാറ്റിവെച്ചത്.
എല്ലാ ഞായറാഴ്ചകളിലും പതിവായി പത്രത്തോടൊപ്പം പുറത്തിറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്ന് വായനക്കാരുടെ കൈകളിൽ എത്തിയിരുന്നില്ല. വായനക്കാർക്കിടയിൽ ഇത് വലിയ ചർച്ചയായതോടെ, സാങ്കേതിക പിഴവുകൾ കാരണമാണ് ഇത്തവണ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് എന്ന വിശദീകരണത്തോടെയുള്ള ഒരു ചെറിയ അറിയിപ്പ് ദേശാഭിമാനി പത്രത്തിൽ നൽകുകയായിരുന്നു.
