കൊല്ലം: വാടി ഹാർബറിൽ കള്ളനോട്ട് കേസിലെ പ്രതിയുടെ ലോക്കറിൽ നിന്ന് വൻതോതിൽ തിമിംഗിലഛർദ്ദി (ആംബർഗ്രിസ്) പിടികൂടി. വിപണിയിൽ ഏകദേശം 25 കോടി രൂപ വിലവരുന്ന 22 കിലോഗ്രാമിലധികം വരുന്ന തിമിംഗിലഛർദ്ദിയാണ് പള്ളിത്തോട്ടം പൊലീസ് പിടിച്ചെടുത്തത്.
കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ (37) എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത ലോക്കർ. കള്ളനോട്ട് കേസിലെ പ്രതിയായ സിബിയോണിന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്ന 10-ാം നമ്പർ ലോക്കറിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഞായറാഴ്ച രാത്രി ഒൻപതരയോടെ പള്ളിത്തോട്ടം എസ്.എച്ച്.ഒ. പ്രതിഭ ജി. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാടിയിലെത്തി ലോക്കറിന്റെ പൂട്ട് പൊളിച്ച് പരിശോധിക്കുകയായിരുന്നു. നാലു പൊതികളിലായി ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു 22.480 കിലോഗ്രാം തിമിംഗിലഛർദ്ദി കണ്ടെത്തിയത്. തുടർന്ന് ഇവ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം അഞ്ചലിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
കള്ളനോട്ട് കേസിലെ പ്രതിയുടെ പക്കൽ ഇത്രയധികം വിലപിടിപ്പുള്ള തിമിംഗിലഛർദ്ദി എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
