ശബരിമല ഇടത്താവളത്തിലെ താജ്മഹൽ മാതൃക നീക്കി; മണ്ഡലകാല ഒരുക്കങ്ങൾക്ക് വഴിയൊരുങ്ങുന്നു

പത്തനംതിട്ട: ശബരിമല തീർഥാടനകാലത്തെ മുന്നൊരുക്കങ്ങൾക്ക് തടസ്സമായി മാസങ്ങളായി നിലനിന്നിരുന്ന താജ്മഹൽ മാതൃക പൊളിച്ചുനീക്കി. പത്തനംതിട്ട മൈലപ്ര റോഡിലെ ശബരിമല ഇടത്താവളത്തിൽ വിപണനമേളയ്ക്കായി സ്ഥാപിച്ച മാതൃകയാണ് ഞായറാഴ്ച പൂർണമായി നീക്കം ചെയ്തത്.

മേളയ്ക്കായി ഒരുക്കിയ പന്തലുകളും ഷെഡ്ഡുകളും മറ്റ് താത്കാലിക നിർമിതികളും പൊളിച്ചുനീക്കുന്ന നടപടികൾ തുടരുകയാണ്. തിങ്കളാഴ്ചയോടെ മുഴുവൻ നിർമിതികളും നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. മേള അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമിതികൾ നീക്കം ചെയ്യാത്തത് മണ്ഡലകാല മുന്നൊരുക്കങ്ങൾക്ക് തടസ്സമാകുമെന്ന ആശങ്ക ഉയർന്നിരുന്നു.

ഇതേത്തുടർന്ന് നഗരസഭ ഇടപെടുകയും കുടിശ്ശിക വാടക ഈടാക്കുന്നതിനും നിർമിതികൾ നീക്കം ചെയ്യുന്നതിനുമായി നടപടികൾ ആരംഭിക്കുകയും ചെയ്തു. ലേലനടപടികളിലേക്ക് കടന്നതിനു പിന്നാലെ നിർമിതികൾ പൊളിച്ചുനീക്കാമെന്നും വാടക കുടിശ്ശിക അടയ്ക്കാമെന്നും ഉടമ ഉറപ്പുനൽകിയതോടെ തുടർനടപടികൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

നഗരസഭയ്ക്ക് ഏകദേശം 15 ലക്ഷം രൂപയാണ് വാടകയിനത്തിൽ ലഭിക്കാനുള്ളത്. ഈ വർഷം മാർച്ച് മുതൽ മേയ് 10 വരെയായിരുന്നു വിപണനമേള നടത്താൻ ആദ്യം അനുമതി നൽകിയിരുന്നത്. സംഘാടകരുടെ അപേക്ഷ പരിഗണിച്ച് കരാർ ജൂലൈ വരെ നീട്ടിയെങ്കിലും മേള ഇടയ്ക്കുവച്ച് അവസാനിച്ചു. തുടർന്ന് വാടക കുടിശ്ശിക വർധിച്ചതോടെ തുക അടച്ചശേഷം ഷെഡ്ഡുകളും മറ്റ് നിർമിതികളും നീക്കം ചെയ്യണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

ശബരിമല മണ്ഡലകാലം അടുത്ത സാഹചര്യത്തിൽ ഇടത്താവളത്തിൽ തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭ വേഗത്തിലാക്കും. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച കൗൺസിൽ യോഗം ചേരും. ഈ മാസം അവസാനത്തോടെ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ അറിയിച്ചു.

താജ്മഹൽ മാതൃക നീക്കിയെങ്കിലും പന്തൽ ഉൾപ്പെടെയുള്ള നിർമിതികൾ കൂടി പൊളിച്ചുനീക്കാനുണ്ട്. നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, കൗൺസിൽ അംഗങ്ങളായ എ. സുരേഷ് കുമാർ, ഏബൽ മാത്യു, നെജിം രാജൻ, ജോയമ്മ സൈമൺ എന്നിവരും ഉദ്യോഗസ്ഥരും നടപടികൾക്ക് മേൽനോട്ടം വഹിച്ചു.

നഗരസഭാ ഭരണസമിതിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നിർമിതികൾ നീക്കം ചെയ്യാനുള്ള നടപടി സാധ്യമായതെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. മണ്ഡലകാല ത്തിന് മുന്നോടിയായി ആവശ്യമായ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാകു മെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!