വിമാന ടിക്കറ്റ് നിരക്ക് തോന്നുംപടി കൂട്ടാനാകില്ല, സര്‍ക്കാര്‍ ‘ഇടപെടും’; പുതിയ വ്യോമയാന ചട്ടം ജനുവരി മുതല്‍

ന്യൂഡല്‍ഹി : വിമാന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി ഇന്ത്യയില്‍ പുതിയ വ്യോമയാന ചട്ടങ്ങള്‍ നിലവില്‍ വരുന്നു. ടിക്കറ്റ് നിരക്കുകള്‍, കാന്‍സലേഷന്‍ ചാര്‍ജുകള്‍, റീഫണ്ട് വ്യവസ്ഥകള്‍ എന്നിവ ഇനിമുതല്‍ യാത്രക്കാര്‍ക്ക് ബുക്കിങ് വേളയില്‍ തന്നെ മുന്‍കൂട്ടി വ്യക്തമാക്കണമെന്ന് പുതിയ ചട്ടത്തില്‍ കര്‍ശന നിര്‍ദേശം നല്‍കുന്നു.

ഒമ്പത് പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലുണ്ടായിരുന്ന 1937ലെ എയര്‍ക്രാഫ്റ്റ് ചട്ടങ്ങള്‍ക്ക് പകരമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമഗ്രമായ റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് കൊണ്ടുവന്നിരിക്കുന്നത്. ‘ഭാരതീയ വായുയാന്‍ നിയമം, 2026’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചട്ടങ്ങള്‍ 2027 ജനുവരി 1 മുതല്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും.

പുതിയ നിയമത്തിലെ റൂള്‍ 192 പ്രകാരം, വിമാനക്കമ്പനികള്‍ തങ്ങളുടെ ബുക്കിങ് വെബ്സൈറ്റുകളിലും ടിക്കറ്റുകളിലും യാത്രക്കാര്‍ നല്‍കേണ്ട ആകെ തുക വ്യക്തമാക്കണം. ഇതില്‍ അടിസ്ഥാന യാത്രാ നിരക്കിന് പുറമെ ടാക്‌സുകള്‍, മറ്റ് ഫീസുകള്‍ എന്നിവയ്ക്കൊപ്പം ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജുകളും റീഫണ്ട് വ്യവസ്ഥകളും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

ആഭ്യന്തര വിമാന സര്‍വീസുകളുടെ താരിഫുകള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.സാധാരണ സാഹചര്യങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് സ്വന്തമായി നിരക്കുകള്‍ നിശ്ചയിക്കാവുന്ന താണ്. എങ്കിലും, അടിയന്തര സാഹചര്യങ്ങളിലും പൊതുജന താത്പര്യം മുന്‍നിര്‍ത്തിയും ന്യായമായ രീതിയില്‍ നിരക്കുകളിലും മറ്റും ഇടപെടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിക്ഷിതമാണെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു.

ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം ഉയര്‍ന്ന കാന്‍സലേഷന്‍ ഫീസും വ്യക്തതയില്ലാത്ത റീഫണ്ട് നിയമങ്ങളും മൂലം യാത്രക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പുതിയ ചട്ടങ്ങള്‍ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!