കോഴിക്കോട് : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജെസിബി ഉപയോഗിച്ച് മരം പിഴുതുമാറ്റുന്നതിനിടെ അപകടത്തെ തുടർന്ന് പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണതോടെ പ്രദേശത്ത് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. നിയന്ത്രണം വിട്ട് ദിശമാറി വീണ മരം സമീപത്തെ വൈദ്യുതി ലൈനിലേക്ക് പതിച്ചതോടെ 11 ഇലക്ട്രിക് പോസ്റ്റുകൾ ഒന്നൊന്നായി തകർന്നുവീഴുകയായിരുന്നു. കോഴിക്കോട് കോടഞ്ചേരി മൈക്കാവിൽ ആണ് സംഭവം.
അപകടത്തിൽ 11 കെ.വി ലൈനിലൂടെ കടന്നുപോകുന്ന ഏഴ് പോസ്റ്റുകളും ത്രീ-ഫേസ് ലൈനിന്റെ നാല് പോസ്റ്റുകളും പൂർണമായും തകർന്നു. തകർന്ന പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ കെഎസ്ഇബിക്ക് ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെളിമുണ്ട, കരിമ്പാലക്കുന്ന്, പ്രീസ്റ്റ് ഹോം ട്രാൻസ്ഫോർമർ പരിധികളിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.
