വിജയപുര: പത്തുവർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഇരട്ടക്കുട്ടികൾക്കൊപ്പം താമസിക്കാൻ പണിത പുതിയ വീട്. എന്നാൽ, ആ വീടിന്റെ പെയിന്റിങ് ജോലിക്കിടെ തുടങ്ങിയ ബന്ധം ഒടുവിൽ ഭർത്താവിന്റെ കൊലപാതകത്തിൽ കലാശിച്ചു.
കർണാടകയിലെ വിജയപുരയിൽനിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. റോഡപകടമെന്നു വരുത്തിത്തീർത്ത് കൊലപാതകം മറച്ചുവയ്ക്കാൻ ശ്രമിച്ച കേസിൽ ഭാര്യയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരയിലെ ഏകതാ നഗറിൽ താമസിച്ചിരുന്ന രാജശേഖർ (42) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അശ്വിനി (30), ആറുവയസ്സുള്ള ഇരട്ട ആൺമക്കൾ എന്നിവരായിരുന്നു കുടുംബം.
ഏഴുമാസം മുൻപാണ് രാജശേഖറും അശ്വിനിയും പുതിയ വീട് നിർമിച്ചത്. വീടിന്റെ പെയിന്റിങ് ജോലികൾക്കായി എത്തിയ ആനന്ദ് റൗത്തപ്പ കല്ലൂർ (25) എന്ന യുവാവുമായി അശ്വിനി അടുപ്പത്തിലായതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒക്ടോബർ നാലിനാണ് രാജശേഖർ വാഹനമിടിച്ച് മരിച്ചത്.
പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ പ്രഭാത നടത്തത്തിനായി വീട്ടിൽനിന്നിറങ്ങിയ ഭർത്താവിനെ തിരിച്ചറിയാത്ത വാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു അശ്വിനിയുടെ മൊഴി. തുടർന്ന് വിജയപുര ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരവും മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തിയും കേസെടുത്തു.
ആദ്യഘട്ടത്തിൽ സാധാരണ വാഹനാപകടമെന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തിയത്.എന്നാൽ, സംഭവത്തിലെ ചില സാഹചര്യങ്ങളിൽ സംശയം തോന്നിയതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അശ്വിനിയെയും ആനന്ദിനെയും ചോദ്യം ചെയ്തതോടെ യാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതെന്ന് വിജയപുര എസ്.പി. ലക്ഷ്മൺ നിംബർഗി പറഞ്ഞു.
പെയിന്റിങ് ജോലിക്കായി വീട്ടിലെത്തിയ ആനന്ദും അശ്വിനിയും തമ്മിൽ പിന്നീട് പ്രണയബന്ധത്തിലായെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറയുന്നു. രാജശേഖറിനെ കൊലപ്പെടുത്തിയ ശേഷം സംഭവം റോഡപകടമായി ചിത്രീകരിക്കാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇതിനായി രാജശേഖറിന്റെ ദിനചര്യയും യാത്രാവിവരങ്ങളും അശ്വിനി ആനന്ദിന് കൈമാറിയിരുന്നു. പതിവുപോലെ രാജശേഖർ പ്രഭാത നടത്തത്തിനായി വീട്ടിൽനിന്നിറങ്ങിയ വിവരവും അശ്വിനി ആനന്ദിനെ അറിയിച്ചു.തുടർന്ന് ആനന്ദ് ബൈക്കിൽ രാജശേഖറിനെ പിന്തുടർന്നു. ഇയാൾ സച്ചിനെയും പ്രായപൂർത്തിയാ കാത്ത മറ്റൊരു കൂട്ടാളിയെയും വിവരമറിയിച്ചതായും പോലീസ് കണ്ടെത്തി. രാജശേഖർ വിജയപുരയിലെ ജുമനാൽ റോഡിലുള്ള കാർ ഷോറൂമിന് സമീപമെത്തിയപ്പോഴായിരുന്നു ആക്രമണം. നമ്പർ പ്ലേറ്റില്ലാത്ത കറുത്ത എസ്യുവി കാറിലെത്തിയ സച്ചിനും പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിന്നിൽനിന്ന് രാജശേഖറിനെ ഇടിച്ചുതെറിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞു.രാജശേഖർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആദ്യം അപകടമെന്നു കരുതിയ സംഭവം പിന്നീട് ആസൂത്രിത കൊലപാതകമാ ണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ അശ്വിനി, ആനന്ദ്, സച്ചിൻ, പ്രായപൂർത്തിയാകാത്ത കൂട്ടാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ വീടും കുടുംബജീവിതവുമായി മുന്നോട്ടുപോകുകയായിരുന്ന രാജശേഖറിന്റെ മരണം നാടിനെ നടുക്കിയിരിക്കുകയാണ്. കൊലപാതകം അപകടമാക്കി മാറ്റാനുള്ള ശ്രമമാണ് അന്വേഷണത്തിലൂടെ പുറത്തുവന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
