കൊല്ലം: ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് കൊല്ലത്ത് രണ്ട് യുവ ഡോക്ടർമാരെ പൊലീസ് പിടികൂടി. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നയാളാണ് അലീന. വിദേശത്ത് നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ. കോട്ടമുക്കിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതോ ടെയാണ് സംഭവം പുറത്തറിയുന്നത്.
അജാസ് ഖാൻ അലീനയെ ഉപദ്രവിക്കുന്നതായി ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട് അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് കേസിൽ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. എന്നാൽ, പൊലീസുകാരെ ആക്രമിച്ചെന്ന കേസിൽ അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അലീനയെ ആക്രമിച്ചെന്ന പരാതിയിലും ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
