ഇന്ത്യൻ വാഹന വിപണിയിൽ വൻ ചർച്ചയായി ടെസ്ല റോഡ്സ്റ്റർ. ടെസ്ലയുടെ പെർഫോമൻസ് ഇലക്ട്രിക് സൂപ്പർകാറായ റോഡ്സ്റ്ററിനായി ഇന്ത്യയിൽ ബുക്കിങ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
പെർഫോമൻസ് മോഡലിന് 50.06 ലക്ഷം രൂപയും ത്രസ്റ്റ് എഡിഷന് 2.50 കോടി രൂപയുമാണ് ബുക്കിങ് തുകയായി റിപ്പോർട്ട് ചെയ്യുന്നത്. റോഡ്സ്റ്റർ പെർഫോമൻസ് മോഡൽ ബുക്ക് ചെയ്യാൻ ആദ്യം 5.01 ലക്ഷം രൂപ മുൻകൂറായി നൽകണം. തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ ബാക്കി 45.05 ലക്ഷം രൂപ അടയ്ക്കണം. ത്രസ്റ്റ് എഡിഷനും പ്രാരംഭ തുക 5.01 ലക്ഷം രൂപയാണ്. എന്നാൽ, പത്ത് ദിവസത്തിനുള്ളിൽ 2,45,24,000 രൂപ കൂടി അടയ്ക്കണം. നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ ബുക്കിങ് റദ്ദാക്കുമെന്നും ആദ്യമായി അടച്ച തുക തിരികെ നൽകുമെന്നുമാണ് റിപ്പോർട്ടുകൾ.
വാഹനത്തിന്റെ ഡെലിവറി എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ടെസ്ല ഇതുവരെ വ്യക്തത നൽകിയിട്ടില്ല. വേഗതയും പെർഫോമൻസും മുൻനിർത്തി രൂപകൽപ്പന ചെയ്ത റോഡ്സ്റ്ററിന് വെറും 1.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകു മെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മണിക്കൂറിൽ 400 കിലോമീറ്ററിലേറെയാണ് പരമാവധി വേഗത. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ ഏകദേശം 1,000 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും അവകാശപ്പെടുന്നു. മൂന്ന് ശക്തിയേറിയ ഇലക്ട്രിക് മോട്ടോറുകളുള്ള ഓൾ-വീൽ ഡ്രൈവ് സംവിധാനമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
രണ്ട് സീറ്റുകളുള്ള പെർഫോമൻസ് മോഡലിൽ ആക്റ്റീവ് എയറോഡൈനാമിക്സും ടയറുകളുടെ ഗ്രിപ്പ് മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത മൾട്ടി-മോഡ് സക്ഷൻ സംവിധാനവും ഉൾപ്പെടുന്നു. ഇതിലും സവിശേഷമാണ് ത്രസ്റ്റ് എഡിഷൻ.
അധിക ത്രസ്റ്റ് സൃഷ്ടിക്കുന്ന ആക്സിലറേഷൻ ത്രസ്റ്ററുകൾ ഉൾപ്പെടുത്തിയ പരിമിത ലഭ്യതയുള്ള പതിപ്പായാണ് ടെസ്ല ഇതിനെ വിശേഷിപ്പിക്കുന്നത്. SR-71, F-35 വിമാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് റോഡ്സ്റ്ററിന്റെ രൂപകൽപ്പനയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
