ഷൂട്ടിങ്ങിനിടെ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഹൈദരാബാദ് : ബോളിവുഡ് നടൻ രാജേഷ് ശർമ്മയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടൻ പ്രഭാസ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. നിലവിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (CCU) ചികിത്സയിലാണ് അദ്ദേഹം.

ഏത് പ്രാണിയാണ് രാജേഷ് ശർമയെ കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കിൽ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് അനുമാനം. അദ്ദേഹത്തിന്റെ വലതുകാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി. നടി സുദീപാ ചാറ്റർജിയാണ് രാജേഷ് ശർമയുടെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിനുണ്ടായ അപകടത്തെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചും പ്രസ്താവന പുറത്തുവിട്ടത്.

ഷൂട്ടിങ് അവസാനിച്ച ശേഷം ടെക്‌നീഷ്യന്മാരുമായി സംസാരിക്കവെയാണ് സംഭവമുണ്ടായത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന അദ്ദേഹം പിന്നീട് കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. കടിയേറ്റ് ആറുമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിലെ അണുബാധ മുട്ട് വരെ വ്യാപിച്ചുവെന്നും സുദീപ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അടുത്ത അപ്‌ഡേറ്റ് വ്യാഴാഴ്ച പ്രതീക്ഷിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

ഭൂത് ബംഗ്ലാ, കൃഷ്ണാവതാരം എന്നീ ചിത്രങ്ങളിലാണ് രാജേഷ് ശർമയുടേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങൾ. ഹനു രാഘവപുഡിയുടെ ഫൗസി, സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ് എന്നീ ചിത്രങ്ങളിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിൽ ഏത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജേഷ് ശർമയ്ക്ക് അപകടമുണ്ടായത് എന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!