2023 ൽ ഇറങ്ങിയ മലയാളം സിനിമകൾ ഏകദേശം 220 എണ്ണമാണ് .. സൂപ്പർ ഹിറ്റായത് വെറും നാലെണ്ണം മാത്രം .. ബ്രേക്ക് ഈവൻ ആയ സിനിമ 13 എണ്ണം.. ചുരുക്കത്തിൽ ഇറങ്ങിയ സിനിമകളിൽ 200 എണ്ണവും മുടക്കുമുതൽ തിരിച്ചു പിടിച്ചില്ല എന്നർത്ഥം.. പിന്നെ എന്തുകൊണ്ടാണ് കോടികൾ മുടക്കി മലയാളത്തിൽ സിനിമകൾ ഇറങ്ങുന്നത്.. ജിതിൻ ജേക്കബ് എന്ന എഴുത്തുകാരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ചോദ്യങ്ങളാണിവ .
പുഴു സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടേയും വെളിപ്പെടുത്തലുകളുടേയും പശ്ചാത്തലത്തിലാണ് ജിതിൻ ജേക്കബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുഴു സിനിമയുടെ സംവിധായിക റത്തീനയുടെ ഭർത്താവ് ഷർഷാദ്, മമ്മൂട്ടിക്കെതിരെയുൾപ്പെടെ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് വിഷയം സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായത്.
ഒരു വർഷം 1000 – 1200 കോടി രൂപയ്ക്ക് മുകളിൽ സിനിമ നിർമാണത്തിന് കേരളത്തിൽ പണം ചെലവഴിക്കുന്നുവെന്ന് ജിതിൻ ജേക്കബ് എഫ് ബി പോസ്റ്റിൽ വ്യക്തമാക്കുന്നു. മുടക്കിയ പൈസ തിരികെ കിട്ടുന്ന നിർമാതാക്കളുടെ എണ്ണം പത്തോ പതിനഞ്ചോ മാത്രമാണ്.
സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, 30 കോടി കളക്ഷൻ, 50 കോടി കളക്ഷൻ എന്നൊക്കെ പറഞ്ഞ് വിജയാഘോഷം നടത്തുന്ന പല സിനിമകളും അടപടലം പൊട്ടിയ സിനിമകളാണ്. 95% സിനിമകളും എട്ട് നിലയിൽ പൊട്ടിയിട്ടും എന്തുകൊണ്ടാണ് വീണ്ടും സിനിമകൾ നിർമിക്കാൻ നിർമാതാക്കൾ ക്യു നിൽക്കുന്നത്.
ഇറങ്ങുന്ന സിനിമകളിൽ നല്ലൊരു പങ്കും തട്ടിക്കൂട്ട് ആണെന്ന് അറിഞ്ഞിട്ടും അഞ്ചും ആറും കോടി രൂപ മുടക്കാൻ ഒരു പ്രൊഡ്യൂസർ തയാർ ആകുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
‘ഒരു മെഗാ സ്റ്റാറിനെ നായകനാക്കി ഒരു സിനിമ നിർമിക്കാൻ ഒരു വനിത സംവിധായിക വരുന്നു. ഈ കഥ വേണ്ട ഞാൻ മറ്റൊരു കഥ തരാമെന്ന് പറഞ്ഞ് മെഗാ സ്റ്റാർ ഒരു മത തീവ്രവാദിയെ കൊണ്ട് ഒരു സമുദായ സ്പർദ ഉണ്ടാക്കുന്ന കഥ എഴുതിക്കുന്നു. മെഗാ സ്റ്റാർ തന്നെ അത് ബിനാമിയെ വെച്ച് നിർമ്മിക്കുന്നു…! ഇതേ മെഗാ സ്റ്റാർ പൊതുസമൂഹത്തിൽ ആകട്ടെ വലിയ മതേതരനും ആണ്…!
മെഗാ സ്റ്റാറിന്റെ പല സിനിമകളിലും പുറം ലോകം കാണുന്ന ഡയറക്ടർ, എഴുത്തുകാരൻ എന്നതൊക്കെ ഡമ്മികൾ മാത്രമാണ് എന്ന് കേൾക്കുന്നു. ഇപ്പോൾ വിവാദമായ സിനിമയുടെ സംവിധായികക്ക് സിനിമയുമായി കാര്യമായ ഒരു ബന്ധവും ഇല്ല എന്നും, ഷൂട്ടിങ്ങ് കാണാൻ മാത്രം നിൽക്കുക ആയിരുന്നു എന്നുമാണ് അണിയറ സംസാരം. ശരിക്കും സിനിമ സംവിധാനം ചെയ്തത് മറ്റു ചിലർ ആയിരുന്നത്രെ..’ എന്നും ജിതിൻ ജേക്കബ് പറയുന്നു.
കൃത്യമായ അജണ്ടകൾ വെച്ചുള്ള സിനിമകൾ ആണ് മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും. ഒരു സിനിമ യഥാർത്ഥത്തിൽ എത്ര കളക്ഷൻ നേടി എന്നതിന്റെ ഒരു കണക്കും സർക്കാരിന്റെ കയ്യിൽ ഇല്ല. നിർമാതാവ് പറയുന്നതാണ് കണക്ക്. മലയാളം സിനിമയിലെ സമാന്തര സമ്പദ് വ്യവസ്ഥയ്ക്കും, സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിനും എതിരെ അന്വേഷണം നടക്കുക തന്നെ വേണം. അന്വേഷണം കൃത്യമായി നടന്നാൽ ഇപ്പോൾ അഴിഞ്ഞു വീണ പല ‘മതേതര മുഖങ്ങളുടെയും’ കൂടുതൽ വികൃതമായ രൂപം പുറത്ത് വരുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
പുഴു സിനിമയെ കുറിച്ചുള്ള സംവിധായക റത്തീനയുടെ ഭർത്താവിന്റൈ വെളിപ്പെടുത്തൽ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് സിനിമയ്ക്കുള്ളിലെ ഇത്തരം അജണ്ടകൾക്കെതിരെ രംഗത്ത് വരുന്നത്. ജിതിൻ ജേക്കബിനെ പോലെ ഇനിയും നിരവധി പേർ സിനിമയിലെ ഇത്തരം വിഷം ചേർക്കലിനെതിരെ രംഗത്ത് വരുമെന്ന് തീർച്ചയാണ്.