വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്ര ചർച്ചയാക്കി എം വി ഗോവിന്ദൻ; രാഹുൽ ഗാന്ധിയും പ്രതികരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് മുൻകൂർ അറിവുണ്ടായിരുന്നു വെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മംഗലാപുരം സന്ദർശനം ഇതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

സർക്കാരിന്റെ അറിവില്ലാതെയാണ് ഓഹരി കൈമാറ്റം നടന്നതെങ്കിൽ എന്ത് നിയമനടപടി സ്വീകരിക്കുമെന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പുമായുള്ള ഇടപാടും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയും സംബന്ധിച്ച് രാഹുൽ ഗാന്ധി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്നത് അദാനിയല്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞത് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്നും മോദിക്കും അദാനിക്കും വേണ്ടി നാട് ഭരിക്കുന്ന മുഖ്യമന്ത്രിയായി സതീശൻ മാറിയെന്നും അദ്ദേഹം ആരോപിച്ചു.

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസ് ആണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചതെന്നും തുടർന്ന് ജൂൺ മൂന്നിന് മാതൃഭൂമി ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശാഭിമാനിയെയും സിപിഐഎം നേതൃത്വത്തെയും വിഷയത്തിലേക്ക് വലിച്ചിഴച്ച് മുഖ്യമന്ത്രി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!