കൊല്ലം : കുണ്ടറയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാനെത്തിയ വീട്ടമ്മയെ നിർബന്ധിച്ച് സ്വകാര്യ ബസിൽ കയറ്റിയെന്ന പരാതിയിൽ ബസ് ജീവനക്കാരനെതിരെ പൊലീസ് നടപടി. എന്നാൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോൾ ജീവനക്കാരൻ തെറ്റ് സമ്മതിച്ച് പരാതിക്കാരിയോട് മാപ്പ് പറഞ്ഞതോടെ പരാതി പിൻവലിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 10.30ഓടെ കുണ്ടറ മുക്കടയിൽ നിന്നാണ് സംഭവം. ഹരിപ്പാട് സ്വദേശിനിയായ സുധ കാഞ്ഞിരകോട് ക്രിസ്തുരാജ് മുക്കിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിക്കുന്ന തിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാ രനായ മൺറോതുരുത്ത് സ്വദേശി ബിനു ഇടപെട്ടത്. യാത്രക്കാരിയെ നിർബന്ധിച്ച് ബസിൽ കയറ്റിയെന്നാണ് പരാതി.
ബസിനുള്ളിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ക്രിസ്തുരാജ് മുക്കിൽ ഇറങ്ങിയ സുധയെ ജീവനക്കാരൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
പരാതിയെ തുടർന്ന് കുണ്ടറ പൊലീസ് ബസ് ജീവനക്കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. അവിടെ ഇയാൾ തെറ്റ് സമ്മതിച്ച് പരാതിക്കാരിയോട് മാപ്പ് പറയുകയും വികാരാധീനനായി കരയുകയും ചെയ്തു. ഇതോടെ സുധ പരാതി പിൻവലിച്ചു. തുടർന്ന് പൊലീസ് താക്കീത് നൽകി ബസ് ജീവനക്കാരനെ വിട്ടയക്കുകയായിരുന്നു.
ഓട്ടോയിൽ നിന്ന് യാത്രക്കാരിയെ ബസിലേയ്ക്ക് നിർബന്ധിച്ച് കയറ്റി; പരാതിക്ക് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് കണ്ടക്ടർ
