ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ചരക്ക്-യാത്രാ ഗതാഗതം കൂടുതൽ വേഗത്തിലാക്കുന്നതിനുമായി 9,450 കോടി രൂപയുടെ നാല് പ്രധാന മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയാണ് (സി.സി.ഇ.എ) ഈ നിർണ്ണായക പദ്ധതികൾക്ക് പച്ചക്കൊടി വീശിയത്.
പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പദ്ധതികൾ റെയിൽവേ ശൃംഖലയിലേക്ക് ഏകദേശം 410 കിലോമീറ്റർ പുതിയ പാതകൾ കൂട്ടിച്ചേർക്കും.
വികസന പിന്നാക്കാവസ്ഥ നേരിടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതി നൊപ്പം ട്രെയിനുകളുടെ കൃത്യസമയത്തുള്ള സർവീസും പാതകളിലെ തിരക്ക് കുറയ്ക്കലും പദ്ധതി വഴി ഉറപ്പാക്കാൻ സാധിക്കും.
പുതിയ റെയിൽവേ പാതകൾ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ 6,448 ഗ്രാമങ്ങളിലെ അറുപത് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് അത്യാധുനിക ഗതാഗത സൗകര്യങ്ങൾ നേരിട്ട് ലഭ്യമാകും. ചരക്ക് ഗതാഗതത്തിന് പേരുകേട്ട ഈ പാതകളിൽ കൂടുതൽ ട്രാക്കുകൾ വരുന്നതോടെ കൽക്കരി, ഇരുമ്പയിര്, കൃഷി ഉൽപ്പന്നങ്ങൾ, വളം തുടങ്ങിയ അവശ്യസാധനങ്ങളുടെ നീക്കം കൂടുതൽ വേഗത്തിലാകും.
ഇതിലൂടെ പ്രതിവർഷം എണ്ണം വർദ്ധിക്കുന്ന ചരക്ക് നീക്കത്തിനനുസരിച്ച് റെയിൽവേയുടെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം ഉറപ്പാക്കാനും സാധിക്കുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ മാത്രം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് പ്രദേശവാസികൾക്കായി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ അടിസ്ഥാന സൗകര്യ വികസനം റീജിയണൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും വ്യവസായ മേഖലകൾക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യും. പ്രകൃതിദത്ത തുറമുഖങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയെ അതിവേഗ റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശാബോധം ലഭിക്കും.
റെയിൽവേ പാതകളുടെ ശേഷി വർദ്ധിക്കുന്നത് പുതിയ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുന്നതിനും ട്രെയിനുകളുടെ ശരാശരി വേഗത വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കു മെന്നത് ദീർഘദൂര യാത്രക്കാർക്കും വലിയ ആശ്വാസമായി മാറും.
