കളക്ഷൻ കുറഞ്ഞു, തൊഴിലാളികളുടെ വേതനം 600 രൂപയാക്കി ചുരുക്കി… വരുമാനം കൂട്ടാൻ പരസ്യം നൽകാമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രകൾ കാരണം വരുമാനം ഇടിഞ്ഞതോടെ സർവീസുകൾ വൻ നഷ്ടത്തിലായ സാഹചര്യത്തിൽ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ ബസുടമകൾ തീരുമാനിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.

ബസുകളിലെ ദിവസേനയുള്ള കളക്ഷൻ ഗണ്യമായി കുറഞ്ഞതോടെ പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഉടമകൾ പകുതിയായി വെട്ടിക്കുറച്ചു. ഡ്രൈവർമാർക്ക് നേരത്തെ 1200 രൂപ ലഭിച്ചിരുന്ന സ്ഥാനത്തും കണ്ടക്ടർമാർക്കും ഇപ്പോൾ 600 രൂപ മാത്രമാണ് ദിവസ വേതനമായി നൽകുന്നത്. ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയുടെ ഗൗരവം പൂർണ്ണമായും അറിയാമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ചെയ്യുന്നത് പോലെ സ്വകാര്യ ബസുകൾക്കും ബോഡികളിൽ പരസ്യങ്ങൾ നൽകി പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താമെന്നും അതിന് അനുമതി നൽകാമെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ ബസുകളെ സഹായിക്കാനായി സർക്കാർ നികുതിയിൽ 59 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു കാരണവശാലും സ്വകാര്യ ബസുകൾ സർവീസ് നിർത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുൻപുള്ള ചിലരെപ്പോലെ തനിക്ക് സമരങ്ങളോട് അലർജിയില്ലെന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളും ഒരേ റൂട്ടിൽ ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് നിലവിൽ വലിയ പ്രശ്നമുള്ളത്. ഇരുവിഭാഗവും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് സർവീസ് നടത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റിയാൽ ഈ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!