ഇറാനിൽ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി…

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ച ഇറാന്റെ നടപടിക്ക് മറുപടിയായാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് വാണിജ്യ ചരക്കുകപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ‘വൺ-വേ അറ്റാക്ക്’ ഡ്രോൺ പ്രയോഗിച്ചിരുന്നു. അടുത്ത 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന വ്യവസ്ഥ സമാധാന കരാറിലുണ്ടായിരുന്ന സാഹചര്യത്തിലാണ് ആക്രമണം നടന്നത്. ഇതോടെ കരാർ ലംഘിച്ചതായി അമേരിക്ക ആരോപിക്കുകയും മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുകയും ചെയ്തു.

ഡ്രോൺ ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 11,000-ത്തിലധികം നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർന്നതോടെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതികൾക്ക് തുടക്കമായി.

ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സൈനിക നടപടി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ട പ്രസിഡന്റ് ട്രംപിനോട്, ഇറാന്റെ നീക്കത്തിന് അമേരിക്ക മറുപടി നൽകുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ അത് കാണാൻ പോകുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!