ഡാലസ്: ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയ ജപ്പാൻ ഇനി ബ്രസീലിനെ നേരിടും. വെള്ളിയാഴ്ച പുലർച്ചെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്വീഡനുമായി 1-1ന് സമനില വഴങ്ങിയതും, മറ്റൊരു മത്സരത്തിൽ നെതർലൻഡ്‌സ് ടുണീഷ്യയെ തോൽപ്പിച്ചതുമാണ് ജപ്പാനെ രണ്ടാം സ്ഥാനത്ത് ഉറപ്പിച്ചത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമണത്തിൽ മികവ് കാട്ടാനാകാതെ മത്സരം ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ ഇടവേളയ്ക്ക് ശേഷം 56-ാം മിനിറ്റിൽ ഡയ്‌സൻ മയെദയുടെ ഗോളിലൂടെ ജപ്പാൻ ലീഡ് നേടി. റിറ്റ്‌സു ഡൊവാൻ നൽകിയ കൃത്യമായ പാസ് മയെദ അനായാസം വലയിലെത്തിക്കുകയായിരുന്നു.
ആറു മിനിറ്റിനകം സ്വീഡൻ തിരിച്ചടിച്ചു. 62-ാം മിനിറ്റിൽ വിക്ടർ യോക്കെരെഷിന്റെ അസിസ്റ്റിൽ നിന്ന് ആന്റണി എലാംഗ സമനില ഗോൾ നേടി മത്സരത്തിലേക്ക് ടീമിനെ തിരിച്ചെത്തിച്ചു.
ഇൻജുറി ടൈമിൽ വിജയഗോളിനായി സ്വീഡൻ ശക്തമായി ശ്രമിച്ചെങ്കിലും ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയുടെ തകർപ്പൻ സേവുകളാണ് ടീമിനെ രക്ഷിച്ചത്. നിർണായക സമനിലയോടെ ജപ്പാൻ നോക്കൗട്ട് ഉറപ്പിച്ചപ്പോൾ, അടുത്ത റൗണ്ടിൽ ബ്രസീലുമായുള്ള പോരാട്ടത്തിനാണ് ഇനി അവർ ഒരുങ്ങുന്നത്.
