കൊച്ചി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഉടൻ ആശ്വാസമെത്തുമെന്ന പ്രതീക്ഷ ശക്തമാകുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെങ്കിലും വാണിജ്യ എൽപിജി സിലിണ്ടറിനും വിമാന ഇന്ധനത്തിനും വിലക്കുറവ് ജൂലൈ 1 മുതൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതും ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം സാധാരണ നിലയിലായതുമാണ് ക്രൂഡോയിൽ വില താഴാൻ പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് 65 ഡോളർ വരെ താഴാൻ സാധ്യതയുണ്ടെന്നും വിപണി വിദഗ്‌ധർ വിലയിരുത്തുന്നു.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഇന്ധനവിതരണം പ്രതിസന്ധിയിലായിരുന്നു. ലോക ചരക്കുഗതാഗതത്തിൻ്റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയുടെ 40 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഹോർമുസ് വഴിയായിരുന്നു എത്തിയത്. തുടർന്ന് വിതരണം കുറഞ്ഞെങ്കിലും സൗദി അറേബ്യയിലും യു.എ.ഇയിലും നിന്നുള്ള കയറ്റുമതി പിന്നീട് മെച്ചപ്പെട്ടു. അതേസമയം ഇറാഖ്, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം ഏറെക്കുറെ നിലച്ച നിലയിലായിരുന്നു.
അതേസമയം, യുദ്ധകാലത്ത് എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ കുറച്ചിരുന്ന പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി പുനഃപരിശോധിക്കാനാണ് സാധ്യത. ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ആദ്യം എക്സൈസ് ഡ്യൂട്ടിയിൽ മാറ്റം വരുത്തിയ ശേഷമായിരിക്കും ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക എന്നാണ് വിലയിരുത്തൽ.
ക്രൂഡോയിൽ വില ബാരലിന് 10 ഡോളർ കുറയുകയാണെങ്കിൽ ഇന്ത്യയുടെ വാർഷിക എണ്ണ ഇറക്കുമതി ചെലവിൽ ഏകദേശം 1,400 കോടി ഡോളറിന്റെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്കും വിലക്കയറ്റ നിയന്ത്രണത്തിനും ഗണ്യമായ പിന്തുണയാകും.
