തിരിച്ചു കയറി ഓറഞ്ച് പട! തുർക്കിയെ വീഴ്ത്തി സെമിയിൽ

ബെർലിൻ: വൻ അട്ടിമറി ഭീഷണി ഉയർത്തിയ തുർക്കിയെ ഗംഭീര തിരിച്ചു വരവു നടത്തി കീഴടക്കി നെതർലൻഡ്സ് യൂറോ കപ്പ് സെമിയിൽ. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ മടക്കി 2-1നാണ് ഓറഞ്ച് പട വിജയം പിടിച്ച് അവസാന നാലിൽ സീറ്റുറപ്പിച്ചത്. 35ാം മിനിറ്റിൽ സമെത് അകായ്ഡിൻ തുർക്കിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 70, 76 മിനിറ്റുകളിലാണ് നെതർലൻഡസിന്റെ ഗോളുകൾ. 70ാം മിനിറ്റിൽ സ്റ്റെഫാൻ ഡി വ്രിജും 76ാം മിനിറ്റിൽ മെർറ്റ് മൾഡറുടെ സെൽഫ് ഗോളും തുർക്കിയുടെ വിധിയെഴുതി. സെമിയിൽ ഇംഗ്ലണ്ടാണ് നെതർലൻഡ്സിന്റെ എതിരാളികൾ.

ഇരു പക്ഷവും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ നെതർലൻഡ്സിനു ഗോളവസരം കിട്ടി. മെംഫിസ് ഡിപായ് പക്ഷേ അവസരം പുറത്തേക്കടിച്ചു കളഞ്ഞു. പിന്നാലെ തുർക്കിയും പ്രത്യാക്രമണം തുടങ്ങി. ആക്രമണ പ്രത്യാക്രമണങ്ങളുമായി ടീമുകൾ കളം വാണു. ഇരു പക്ഷവും പ്രതിരോധം നന്നായി കടുപ്പിച്ചതോടെ ഗോൾ അകന്നു.

അതിനിടെ നെതർലൻഡ്സിനെ ഞെട്ടിച്ച് തുർക്കി ലീഡ് സ്വന്തമാക്കി. 35ാം മിനിറ്റിൽ കോർണറിനു പിന്നാലെയാണ് ഗോൾ വന്നത്. ബോക്സിനു പുറത്തു നിന്ന യുവ താരം ആർദ ഗുലെറിന്റെ ക്രോസിൽ നിന്നു അകായ്ഡിൻ ഹെഡ്ഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി ഡച്ച് പട പൊരുതി. എന്നാൽ തുർക്കി പ്രതിരോധം കടുപ്പിച്ച് പൂട്ടിട്ടതോടെ ആദ്യ പകുതിയിൽ അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കം മുതൽ നെതർലൻഡ്സ് ആക്രമണം തുടങ്ങി. അതിനിടെ 56ാം മിനിറ്റിൽ തുർക്കിക്ക് അനുകൂലമായി ഒരു ഫ്രീകിക്ക്. ആർദ ഗുലെറിന്റെ ഷോട്ട് നെതർലൻഡ്സിനെ വിറപ്പിച്ച് പോസ്റ്റിൽ തട്ടി മടങ്ങിയത് അവർക്ക് ആശ്വാസമായി. ഡച്ച് പട അതിനിടെയിലെല്ലാം നിരന്തരം തുർക്കി ഗോൾ മുഖത്ത് കയറി ഇറങ്ങിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പ്രതിരോധത്തിനു പിഴച്ചപ്പോഴെല്ലാം ഗോൾ കീപ്പർ മെർറ്റ് ഗുണോക് മികച്ച സേവുകളുമായി ടീമിനെ രക്ഷിച്ചു.

തുർക്കിയും പ്രത്യാക്രമണം തുടർന്നു. അതിനിടെ കെനാൻ യിൽഡിസിനു തുർക്കിയുടെ ലീഡുയർത്താൻ അവസരം കിട്ടി. താരത്തിന്റെ പവർഫുൾ ഷോട്ട് ഡച്ച് ഗോൾ കീപ്പർ ബർട് വെർബ്രുഗൻ തട്ടിയകറ്റി. റീബൗണ്ടിലും തുർക്കിക്ക് ഗോളവസരം കിട്ടിയെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല.

ഓറഞ്ച് സംഘം ഇതോടെ ആക്രമണത്തിനു മൂർച്ച കൂട്ടി. പിന്നാലെ സമനിലയും വന്നു. ഡിപായ് നൽകിയ ക്രോസിൽ നിന്നു സ്റ്റെഫാൻ ഡി വ്രിജ് ഹെഡ്ഡറിലൂടെ ഗോൾ സ്വന്തമാക്കി ടീമിനു നിർണായക സമനില സമ്മാനിക്കുകയായിരുന്നു. ആറ് മിനിറ്റുകൾക്കുള്ളിൽ അവരുടെ വിജയ ഗോളും വന്നു.

വലതു വിങിലൂടെ ഡച്ച് പടയുടെ മുന്നേറ്റം. തുർക്കി ബോക്സിലേക്ക് നീണ്ട ഒരു ക്രോസ് തടയാൻ ശ്രമിച്ച മൾഡറുടെ ശ്രമം പാളി. പന്ത് നേരെ സ്വന്തം വലയിലേക്ക്. നെതർലൻഡ്സ് മുന്നിൽ. പിന്നാലെ തുർക്കി സമനിലയ്ക്കായി തുടരൻ ആക്രമണങ്ങൾ നടത്തി നോക്കിയെങ്കിലും ഡച്ച് പ്രതിരോധം അതെല്ലാം അതിജീവിച്ചു. അവസാന നിമിഷങ്ങളിൽ തുർക്കി പത്ത് പേരായി. ഇഞ്ച്വറി സമയത്ത് തുർക്കി താരം യിൽഡിറിം ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയി. പിന്നീട് അവരുടെ തിരിച്ചു വരവ് പ്രതീക്ഷകളും അവസാനിച്ചു. നെതർലൻഡ്സ് സെമിയിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!