ന്യൂഡൽഹി : ഊർജവും സാങ്കേതികവിദ്യയും പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ലോകത്തിനായി അദാനി ഗ്രൂപ്പ് സ്വയം സജ്ജമാകുകയാണെന്ന് ചെയര്‍മാന്‍ ഗൗതം അദാനി. ആണവോർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്ററുകൾ, തുറമുഖ വികസനം, പ്രതിരോധ വ്യവസായം തുടങ്ങി ഭാവിയുടെ പ്രധാന മേഖലകളിൽ വൻ നിക്ഷേപ പദ്ധതികളുമായി മുന്നേറുകയാണെന്ന് അദ്ദേഹം അറിയിച്ചു.
വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത ചെയർമാൻ ഗൗതം അദാനിയാണ് ഗ്രൂപ്പിന്റെ ദീർഘകാല വളർച്ചാ പദ്ധതികൾ വിശദീകരിച്ചത്.
അതിന്റെ ഭാഗമായി ‘അദാനി അറ്റോമിക് എനർജി’ എന്ന പുതിയ കമ്പനിയിലൂടെ ആണവോർജ രംഗത്തേക്ക് ഔദ്യോഗിക പ്രവേശനം പ്രഖ്യാപിച്ചു. പദ്ധതിക്കായി ആവശ്യമായ ഭൂമി കണ്ടെത്തിക്കഴിഞ്ഞതായും 2035-ഓടെ 10 ജിഗാവാട്ട് ആണവോർജ ഉൽപ്പാദന ശേഷി കൈവരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായങ്ങൾക്കും അതിവേഗം വളരുന്ന ഡാറ്റാ സെന്ററുകൾക്കും 24 മണിക്കൂറും തടസമില്ലാത്ത ശുദ്ധ ഊർജം ലഭ്യമാക്കുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലെ ഏറ്റവും നിർണായക അടിസ്ഥാനസൗകര്യങ്ങളിലൊന്നായ ഡാറ്റാ സെന്റർ മേഖലയിലും ഗ്രൂപ്പ് വലിയ വികസന പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. 2030-ഓടെ 3 ജിഗാവാട്ട് ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. വിശാഖപട്ടണത്ത് ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനായി ഗൂഗിളുമായി സഹകരിക്കുന്നതായും അദാനി അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1.5 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ സ്വകാര്യ മേഖലയിലെ ആകെ പുതിയ മൂലധനച്ചെലവിന്റെ 30 ശതമാനത്തിലധികം ഈ നിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദ്യുതി മേഖലയിലും വിപുലീകരണം തുടരുകയാണ്. 2 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തോടെ അദാനി പവർ നടപ്പിലാക്കുന്ന വികസന പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 45 ജിഗാവാട്ട് ഉൽപ്പാദന ശേഷിയിലെത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഭൂട്ടാനിലെ ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പറേഷനുമായി ചേർന്ന് 5,000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളും വികസിപ്പിക്കും.
തുറമുഖ-ലോജിസ്റ്റിക്‌സ് രംഗത്തും ഗ്രൂപ്പ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം അദാനി പോർട്സ് 50 കോടി ടൺ ചരക്കുകൾ കൈകാര്യം ചെയ്തു. 2030-ഓടെ ഇത് 100 കോടി ടണ്ണായി ഉയർത്താനാണ് പദ്ധതി. കേരളത്തിലെ വിഴിഞ്ഞം തുറമുഖം ആദ്യ വർഷം തന്നെ 10 ലക്ഷം ടിഇയു കൈവരിച്ച് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖങ്ങളിലൊന്നായി മാറിയതായും അദ്ദേഹം പറഞ്ഞു.
പ്രതിരോധ-വ്യോമയാന മേഖലയിലും ഗ്രൂപ്പ് സാന്നിധ്യം ശക്തമാക്കുകയാണ്. ഹെലികോപ്റ്ററുകളും യാത്രാവിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്ര കമ്പനികളായ ലിയോനാർഡോ, എംബ്രയർ എന്നിവരുമായി സഹകരണം പുരോഗമിക്കുകയാണെന്നും അദാനി വ്യക്തമാക്കി.
പരമ്പരാഗത വ്യവസായ മേഖലകളിൽ നിന്ന് അതിവേഗം വളരുന്ന ഭാവി സാങ്കേതികവിദ്യകളിലേക്കുള്ള ഈ ചുവടുമാറ്റം അദാനി ഗ്രൂപ്പിന്റെ വ്യാപാര തന്ത്രത്തിൽ വലിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. ഊർജവും ഡിജിറ്റൽ സാങ്കേതികവിദ്യയും കൈകോർക്കുന്ന പുതിയ സാമ്പത്തിക യുഗത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം മുന്നേറാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
