‘കാൻസറിനു കാരണം’- പഞ്ഞി മിഠായി നിരോധിച്ച് തമിഴ്നാട്


ചെന്നൈ: പുതുച്ചേരിക്കു പിന്നാലെ പഞ്ഞി മിഠായി (കോട്ടൻ കാൻഡി) നിരോധിച്ച് തമിഴ്നാടും. കാൻസറിനു കാരണമാകുന്ന രാസ വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം.

പഞ്ഞി മിഠായിയുടെ നിർമാണവും വിൽപ്പനയും നിരോധിച്ചതായി സർക്കാർ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും സമാന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ഞി മിഠായി നിരോധിച്ചത്.

നിറമുള്ള പഞ്ഞി മിഠായിയുടെ സാമ്പിളുകൾ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സർക്കാർ ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു. തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന കെമിക്കലായ റോഡമൈൻ- ബിയുടെ സാന്നിധ്യം പഞ്ഞി മിഠായായിൽ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചു മാനുഷ്യർക്ക് ഹാനികരമാണ് റോഡമൈൻ- ബി.

ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് റോഡമൈൻ- ബി അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, പാക്കിങ്, ഇറക്കുമതി, വിൽപ്പന, വിതരണം എന്നിവയെല്ലാം കുറ്റകരമാണെന്നു തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ പ്രസ്താവനയിൽ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡമൈൻ ബി. നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും വസ്ത്രങ്ങളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!