ഡിഎച്ച്എസിൽ
‘അയാൾ കഥ
എഴുതുകയാണ്’
സിനിമയിലെ
കസേരകളിയെന്ന്…
മുഹമ്മദ് റിയാസ്….
വിട്ടുകൊടുക്കാതെ കെ.
മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധത്തിലെ പാളിച്ചകൾ ഉന്നയിച്ച് നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതും ഷിഗെല്ല, നിപ്പ തുടങ്ങിയ രോഗങ്ങൾ പടരുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ പ്രതിപക്ഷത്തിന്റെ നോട്ടീസിലെ പല വിവരങ്ങളും തെറ്റാണെന്നും കേരളത്തിൽ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ സഭയിൽ മറുപടി നൽകി.

കൂടാതെ, “കഴിഞ്ഞ അഞ്ചുവർഷത്തെ റീൽസും വീണ മീട്ടലുമാണ് ആരോഗ്യവകുപ്പ് ഇപ്പോൾ നേരിടുന്ന യഥാർത്ഥ പ്രശ്നം” എന്ന് മുൻ സർക്കാരിനെ ലക്ഷ്യമിട്ട് മന്ത്രി പരിഹസിച്ചു. പ്രതിപക്ഷം പറയുന്നതുപോലെ ഭീകരമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും നിപ്പ മരുന്ന് എൽഡിഎഫ് കാലത്തും വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും, ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. കാലാവസ്ഥ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ട് എപ്പിഡമിക് കലണ്ടർ രൂപീകരിക്കും. ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തേണ്ട സാഹചര്യം ഒഴിവാക്കും, പുതിയ തസ്തി കകൾ കണ്ടെത്തി ഡോക്ടർമാരുടെ  നിയമനം ഉറപ്പാക്കും.

അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മുഹമ്മദ് റിയാസ് എം.എൽ.എ യുഡിഎഫ് സർക്കാരിന്റെ ആരോഗ്യനയങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. “സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ലായിരിക്കാം, എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കാൻ ഈ 35 ദിവസം മതി,” എന്ന് മുഹമ്മദ് റിയാസ് എം.എൽ.എ പറഞ്ഞു. പഴയൊരു പ്രസ്താവന ഓർമ്മിപ്പിച്ചുകൊണ്ട്, “എരണം കെട്ടവർ നാട് ഭരിച്ചാൽ രോഗം പടരുമെന്ന് മുൻപ് പറഞ്ഞത് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയാണ്. എന്നാൽ ആ കാഴ്ചപ്പാടുകാരല്ല ഇടതുപക്ഷം,” എന്നും റിയാസ് കൂട്ടിച്ചേർത്തു. ഡിഎച്ച്എസ് ആസ്ഥാനത്ത് ‘അയാൾ കഥ എഴുതുകയാണ്’ എന്ന സിനിമയിലെ തഹസിൽദാർ കസേരയിൽ നിന്ന് മാറിക്കൊടുക്കാത്തത് പോലെയുള്ള കസേരകളിയാണ് നടക്കുന്നതെന്നും, ആരോഗ്യവകുപ്പിൽ യാതൊരു ഏകോപനവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിപ്പ റിപ്പോർട്ട് ചെയ്ത് അഞ്ചാം ദിവസമാണ് മരുന്ന് എത്തിച്ചതെന്നും ജനപ്രതിനിധികളെ സർക്കാർ തഴയുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. നിലവിൽ സംസ്ഥാനത്ത് പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കുടിവെള്ള സ്രോതസ്സുകളിലും ഹോട്ടലുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!