ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതിന് ശേഷം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിലെ റിഫൈനറികള്‍. ജൂണില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ വലിയ വര്‍ധനയുണ്ടായതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാരിടൈം ആന്‍ഡ് കമ്മോഡിറ്റി ഇന്റലിജന്‍സ് സ്ഥാപനമായ ‘കെപ്ലര്‍’ നല്‍കിയ വിവരങ്ങള്‍ പ്രകാരം, ജൂണ്‍ 19 വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം ശരാശരി 2.66 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. മേയില്‍ ഇത് പ്രതിദിനം 1.91 ദശലക്ഷം ബാരല്‍ ആയിരുന്നു. ഇതോടെ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി.
ജൂണ്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ നിന്നുള്ള ഇറക്കുമതി പ്രതിദിനം 6,36,000 ബാരല്‍ ആയിരുന്നു. മേയ് മാസത്തിലെ റെക്കോര്‍ഡ് ഇറക്കുമതിയായ 6,44,000 ബാരലിനേക്കാള്‍ താഴെയാണിത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യം സൗദി അറേബ്യയും (പ്രതിദിനം 3,84,000 ബാരല്‍), നാലാമത്തെ രാജ്യം വെനിസ്വേലയുമാണ് (പ്രതിദിനം 2,09,000 ബാരല്‍). അതേസമയം അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി മേയ് മാസത്തിലെ 2,52,000 ബാരലില്‍ നിന്ന് പ്രതിദിനം 91,000 ബാരലായി കുത്തനെ ഇടിഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരായ ഇന്ത്യ ക്രൂഡ് ഓയില്‍, എല്‍എന്‍ജി , എല്‍പിജി എന്നിവയ്ക്കായി ഗള്‍ഫ് മേഖലയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് ഈ റൂട്ടിലൂടെയുള്ള വിതരണം തടസ്സപ്പെട്ടത്. ആഗോള എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഈ പാത സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന കയറ്റുമതി മാര്‍ഗമാണ്.
അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയുടെ അവസാനത്തോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം പുനരാരംഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും ഈ ഉടമ്പടി ഇപ്പോഴും ദുര്‍ബലമാണ്; ഇസ്രായേല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ അധികൃതര്‍ ആരോപിക്കുന്നത് ഈ റൂട്ട് തുറക്കുന്നതിന്റെ സുരക്ഷിതത്വത്തെക്കു റിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഇന്ത്യയുടെ എല്‍പിജി വിതരണത്തിനാണ് ഏറ്റവും വേഗത്തില്‍ ആശ്വാസം പകരുക. മാസങ്ങളായി നിലനിന്നിരുന്ന വിതരണ തടസ്സങ്ങളെ ഇന്ത്യ മറ്റ് സ്രോതസ്സുകളിലൂടെ പരിഹരിച്ചതിനാല്‍, ക്രൂഡ് ഓയില്‍, എല്‍എന്‍ജി ഇറക്കുമതി സാധാരണ നിലയിലാകാന്‍ കുറച്ചുകൂടി സമയമെടുക്കും. തടസ്സങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് എല്‍പിജിയെ ആയിരുന്നുവെന്നും, എന്നാല്‍ ക്രൂഡ് ഓയില്‍, എല്‍എന്‍ജി ഇറക്കുമതികളെ മറ്റ് വിപണികള്‍ കണ്ടെത്തിയതിലൂടെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ ആദ്യവാരം മുതല്‍ ക്രമാനുഗതമായി പാത തുറക്കുന്നതോടെ, കുടുങ്ങിക്കിടക്കുന്ന ചരക്കുകള്‍ നീക്കം ചെയ്യുന്നതിനായിരിക്കും ആദ്യ പരിഗണന.
ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 88 ശതമാനവും, പ്രകൃതി വാതകത്തിന്റെ പകുതിയോളവും, എല്‍പിജിയുടെ 65 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ പ്രതിസന്ധിക്ക് മുന്‍പ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയും, എല്‍എന്‍ജിയുടെ മൂന്നില്‍ രണ്ടും, എല്‍പിജിയുടെ 90 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നായിരുന്നു. യുഎസ്-ഇറാന്‍ കരാറിന് ശേഷം ഇന്ത്യയുടെ മൂന്ന് എണ്ണ ടാങ്കറുകളും ഒരു എല്‍എന്‍ജി വാഹിനിയും വിജയകരമായി ഹോര്‍മുസ് കടന്നിട്ടുണ്ട്.
റഷ്യ നല്‍കുന്ന മികച്ച ഡിസ്‌കൗണ്ടുകളും ഇന്ത്യന്‍ റിഫൈനറികളുടെ സ്ഥിരമായ ആവശ്യകതയും കാരണം ജൂണ്‍ മാസത്തിലെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 2.35 ദശലക്ഷം ബാരല്‍ കടന്ന് പുതിയ റെക്കോര്‍ഡ് കുറിച്ചേക്കാം. ഹോര്‍മുസ് പാത സാധാരണ നിലയിലായാലും സാമ്പത്തിക നേട്ടവും സുരക്ഷയും പരിഗണിച്ച് റഷ്യന്‍ വിതരണം ഇന്ത്യയുടെ ഇറക്കുമതിയില്‍ പ്രധാന പങ്കായി തുടരും. ഗള്‍ഫ് സപ്ലൈ കുറഞ്ഞത് പരിഹരിക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ മാര്‍ച്ച് മുതല്‍ വെനിസ്വേലയില്‍ നിന്നും വാങ്ങല്‍ കൂട്ടിയിട്ടുണ്ട്. ജൂണില്‍ വെനിസ്വേലയില്‍ നിന്നുള്ള ഇറക്കുമതി പ്രതിദിനം 3,00,000 – 4,00,000 ബാരല്‍ ആയി കണക്കാക്കുന്നു. എല്‍പിജി വിതരണത്തില്‍ ഉണ്ടായ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഇന്ത്യയുടെ പ്രധാന എല്‍പിജി വിതരണക്കാരായി മാറിയിരുന്നു. ദൂരം കൂടുതലായതിനാല്‍ ഇതിന് ചരക്കുകൂലി കൂടുതലാണ്.
ഹോര്‍മുസ് സാധാരണ നിലയിലാകുന്നതോടെ ഗള്‍ഫ് വിതരണക്കാര്‍ വിപണിയിലെ തങ്ങളുടെ പങ്ക് തിരിച്ചുപിടിക്കുമെങ്കിലും, ഇന്ത്യയുടെ വിതരണ സ്രോതസ്സുകള്‍ മുന്‍പത്തേക്കാള്‍ വിപുലമായി തന്നെ തുടരും. റഷ്യ, ബ്രസീല്‍, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വാങ്ങലും ഒമാന്‍, നൈജീരിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്‍എന്‍ജി വാങ്ങലും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് തുണയായി. ഹോര്‍മുസ് തുറക്കുന്നത് ചരക്കുകൂലി കുറയ്ക്കാനും വിതരണ റിസ്‌ക് ഇല്ലാതാക്കാനും ആഗോള ഊര്‍ജ്ജ വില നിയന്ത്രിക്കാനും സഹായിക്കുമെങ്കിലും, കപ്പല്‍ കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും ഈ പാതയിലുള്ള വിശ്വാസം പൂര്‍ണമായി വീണ്ടെടുക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
