ഗായികയും സംഗീതസംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ വിഷ്വൽ ആർട്ടിസ്റ്റ് കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായികയും സംഗീത സംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് വരൻ. വിവാഹവിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആരാധകരെ അറിയിച്ചത്. പോസ്റ്റുകൾ പുറത്തുവന്നതോടെ നിരവധി ആരാധകരും സഹപ്രവർത്തകരും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.

സംഗീതത്തിന് അതിരുകളില്ലെന്ന വിശ്വാസത്തോടെ വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ കലാകാരിയാണ് ഗൗരി ലക്ഷ്മി. ക്ലാസിക്കൽ സംഗീതവും പഴയ ജനപ്രിയ ഗാനങ്ങളും സ്വന്തം ശൈലിയിൽ അവതരിപ്പിച്ച് വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ ഗൗരി, സംഗീതരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതേസമയം, ചില അവതരണങ്ങൾ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നുവെങ്കിലും തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് അവയ്ക്ക് മറുപടി നൽകാനും ഗൗരി മടിച്ചിട്ടില്ല.

വളരെ ചെറുപ്പത്തിൽ തന്നെ സംഗീതസംവിധാന രംഗത്തേക്ക് കടന്നുവന്ന ഗൗരി, 13-ാം വയസിൽ സംഗീതസംവിധായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കാസനോവ എന്ന ചിത്രത്തിലെ ‘സഖിയേ’ എന്ന ഗാനത്തിലൂടെയായിരുന്നു ആ തുടക്കം. തുടർന്ന് ഗായികയായും സംഗീതസംവിധായികയായും മലയാള സിനിമയിലും സ്വതന്ത്ര സംഗീതരംഗത്തും സജീവ സാന്നിധ്യമായി.

തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദവും കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഗൗരി, ട്രിനിറ്റി കോളെജ് ലണ്ടനില്‍ നിന്ന് പെർഫോർമേഴ്‌സ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തും ഗൗരി അരങ്ങേറ്റം കുറിച്ചത്.

സംഗീതവും കലയും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാക്കിയ രണ്ട് കലാകാരന്മാരുടെ ഈ പുതിയ ജീവിതയാത്രയ്ക്ക് ആശംസകളാണ് സോഷ്യൽ മീഡിയ നിറയെ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!