തുരുമ്പിക്കില്ല..ദീര്‍ഘകാലം നില്‍ക്കുന്ന പെയിന്റിങ്..535 കോടിയുടെ പാമ്പന്‍പാലം…

രാമേശ്വരം : പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. രാമനവമി ദിവസമായ ഇന്ന് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷമായിരുന്നു പ്രധാനമന്ത്രി പാലം ഉദ്ഘാടനത്തിനെത്തിയത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുളള പുതിയ തീവണ്ടി സര്‍വ്വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി. അതിനുപിന്നാലെ തീരസംരക്ഷണസേനയുടെ കപ്പല്‍ പാലത്തിനടിയിലൂടെ കടന്നുപോയി.

ഇന്ത്യന്‍ റെയില്‍വേയുടെ എഞ്ചിനീയറിംഗ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചിലവില്‍ പുതിയ പാലം നിര്‍മ്മിച്ചത്. 2.8 കിലോമീറ്ററാണ് പുതിയ പാമ്പന്‍ പാലത്തിന്റെ നീളം. രാജ്യത്ത് ആദ്യമായി കപ്പലുകള്‍ക്ക് വഴിയൊരുക്കാനായി ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ്’ സംവിധാനത്തോടെ നിര്‍മ്മിച്ച ആദ്യത്തെ പാലമാണ് പുതിയ പാമ്പന്‍ പാലം.

18 മീറ്റര്‍ അകലത്തില്‍ 99 തൂണുകളും നടുവിലായി 72.5 മീറ്റര്‍ നീളമുളള നാവിഗേഷന്‍ സ്പാനുമാണ് പുതിയ പാലത്തിലുളളത്. ഈ ഭാഗം ഉയര്‍ത്തുമ്പോഴാണ് കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ കടന്നുപോകാനാവുക. നാവിഗേഷന്‍ സ്പാന്‍ 17 മീറ്റര്‍ വരെ ഉയര്‍ത്താനാകും. ഇത് പാലത്തിനടിയിലൂടെ വലിയ കപ്പലുകളുടെ ഗതാഗം സുഗമമാക്കുന്നു. പാലത്തിന്റെ ഇരുവശത്തുമുളള സെന്‍സറുകള്‍ ഉപയോഗിച്ചാണ് നാവിഗേഷന്‍ സ്പാന്‍ പ്രവര്‍ത്തിക്കുക. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാന്‍ മൂന്നു മിനിറ്റും അടയ്ക്കാന്‍ രണ്ടുമിനിറ്റും മതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!