കൊൽക്കത്ത: പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന് മോചിതമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ സ്ഥാപകദിനാഘോഷമായ ‘പശ്ചിമ ബംഗാ ദിന’ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി-എൻഡിഎ സഖ്യത്തിന്റെ ചരിത്രവിജയത്തിന് പിന്നാലെ ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
ഇടത് മുന്നണിയുടെയും തൃണമൂൽ കോൺഗ്രസിൻ്റെയും ഭരണകാലത്ത് സംസ്ഥാനത്തിന്റെ വികസനം മുരടിച്ചുവെന്നും ആ സാഹചര്യം മാറ്റിമറിക്കാൻ പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി. ബംഗാളിൻ്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും സംസ്ഥാനത്തുടനീളം പുതിയൊരു ഉണർവ് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള ‘ഡബിൾ എഞ്ചിൻ സർക്കാർ’ മാതൃകയിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.
ചടങ്ങിനിടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 23-ാം ഗഡു വിതരണം ചെയ്‌തതോടൊപ്പം ഫസൽ ബീമാ യോജനയുടെ സംസ്ഥാനതല തുടക്കവും നിർവഹിച്ചു. ഹൗറയിലെ പുതിയ ഡിവിഷണൽ റെയിൽവേ ആശുപത്രിയുടെ തറക്കല്ലിടലും പൂർബ മേദിനിപൂരിലെ ഹൗറ-രാധാമോഹൻപൂർ പാലത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
കഴിഞ്ഞ പത്ത് വർഷത്തെ തൃണമൂൽ ഭരണവും അതിന് മുമ്പുണ്ടായിരുന്ന ഇടത് ഭരണവും ബംഗാളിന്റെ പുരോഗതിയെ പിന്നോട്ടടിച്ചുവെന്ന് മോദി വിമർശിച്ചു. സംസ്ഥാനം നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമായി മാറിയതും ചെറുകിട വ്യവസായങ്ങൾ തകർന്നതും യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതും മുൻ സർക്കാരുകളുടെ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു.
പുതിയ സർക്കാർ അധികാരമേറ്റതോടെ സംസ്ഥാനത്ത് ക്രമസമാധാനം ശക്തിപ്പെടുമെന്നും അഴിമതിയിലൂടെ ജനങ്ങളുടെ പണം കൊള്ളയടിച്ചവർക്ക് അത് തിരികെ നൽകേണ്ടി വരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ബംഗാളിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്ന ‘കട്ട് മണി’ സംസ്കാരത്തിന് അറുതിയായെന്നും സുതാര്യതയും ഉത്തരവാദിത്തവും അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനത്തിലേക്കുള്ള മാറ്റം ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
