‘ഭഗവദ്ഗീത ഭരണഘടനയുടെ കൈയെഴുത്തു പ്രതി’; വിവാദ പരാമര്‍ശവുമായി പവന്‍ കല്യാണ്‍

അമരാവതി: ഭരണഘടനയും ഭഗവദ്ഗീതയും ഒന്നാണെന്ന് ജനസേനാ പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ഭഗവദ്ഗീതയെ ‘ഭരണഘടനയുടെ കൈയെഴുത്തുപ്രതി’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കര്‍ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണമഠത്തില്‍ നടന്ന ഗീത ഉത്സവപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പവന്‍ കല്യാണ്‍ വിവാദ പരാമര്‍ശം നടത്തിയത്.

‘ചിലര്‍ ധര്‍മവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധര്‍മം ഒരു ധാര്‍മിക കോമ്പസാണ്. ഭരണഘടന നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂര്‍ണവുമായ സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്’ , അദ്ദേഹം പറഞ്ഞു.

പവന്‍ കല്യാണിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഭരണഘടനയെ കുറിച്ച് പഠിക്കാത്ത സെലിബ്രിറ്റികളാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പ്രതികരിച്ചു. ഭരണഘടന മതേതരമാണ്. അതില്‍ ധര്‍മത്തിനല്ല സ്ഥാനം, അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും പവന്‍ കല്യാണിനെ വിമര്‍ശിച്ചു. നിയമത്തേയും ധര്‍മത്തേയും കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലെന്നും ഭരണഘടനയ്ക്കും ധര്‍മത്തിനും ഒന്നാകാന്‍ കഴിയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!