വാഷിങ്ടൺ: സ്വന്തം മണ്ണിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന യുഎസ്, ഓസ്ട്രേലിയക്കെതിരെയും ജയം കുറിച്ച് റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആതിഥേയർ ഓസ്ട്രേലിയയെ കീഴടക്കിയത്. ആദ്യ മത്സരത്തിൽ പാരഗ്വായെ 4-1ന് തകർത്ത യുഎസ്, രണ്ടാം മത്സരത്തിലും അതേ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങിയത്. തുടക്കത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് മത്സരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു.
11-ാം മിനിറ്റിൽ യുഎസിന് ലീഡ് ലഭിച്ചു. ഫൊളാരിൻ ബലോഗന്റെ മുന്നേറ്റത്തിനൊടുവിൽ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്ട്രേലിയൻ പ്രതിരോധ താരം കാമറോൺ ബർജെസിന്റെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് കയറി. സെൽഫ് ഗോളിലൂടെ യുഎസ് മുന്നിലെത്തി.
ഗോൾ നേടിയതോടെ അമേരിക്കൻ ആക്രമണം കൂടുതൽ ശക്തമായി. ടൈലർ ആഡംസ്, മാലിക് ടിൽമാൻ, സെർജിനോ ഡെസ്റ്റ്, റിക്കാർഡോ പെപ്പി എന്നിവരുടെ നേതൃത്വത്തിൽ യുഎസ് നിരന്തരം ഓസ്ട്രേലിയൻ പ്രതിരോധത്തെ സമ്മർദത്തിലാക്കി. പ്രതിരോധത്തിൽ പിഴവുകൾ ആവർത്തിച്ചതോടെ ഓസ്ട്രേലിയൻ താരങ്ങളായ ജോർദാൻ ബോസിനും അലെസ്സാൻഡ്രോ സിർക്കാറ്റിക്കും മഞ്ഞക്കാർഡും ലഭിച്ചു.
ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ യുഎസ് ലീഡ് ഇരട്ടിയാക്കി. കോർണറിൽ നിന്ന് ലഭിച്ച അവസരത്തിൽ ബോക്സിനുള്ളിൽ നിലയുറപ്പിച്ചിരുന്ന അലക്സ് ഫ്രീമാൻ മികച്ച ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യം ഓഫ്സൈഡ് വിധിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ തിരിച്ചുവരവിനായി ഓസ്ട്രേലിയ നിരവധി മാറ്റങ്ങൾ വരുത്തി. മുഹമ്മദ് ടോരെയെ പിൻവലിച്ച് നെസ്റ്റോറി ഇറാൻകുണ്ടയെ ഇറക്കിയെങ്കിലും ആക്രമണങ്ങൾക്ക് ഫിനിഷിംഗ് ലഭിച്ചില്ല. അവസാന നിമിഷങ്ങളിൽ ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യുഎസ് പ്രതിരോധം പിഴവുകളില്ലാതെ കളിച്ചതോടെ ഓസ്ട്രേലിയക്ക് ഗോൾ നേടാനായില്ല.
രണ്ടാം ജയത്തോടെ ആറ് പോയിന്റ് നേടിയ യുഎസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും പ്രീക്വാർട്ടർ ബെർത്തും ഉറപ്പിച്ചു. മറുവശത്ത്, ഓസ്ട്രേലിയയുടെ നോക്കൗട്ട് സാധ്യതകൾ ഇനി അവസാന ഗ്രൂപ്പ് മത്സരഫലത്തെ ആശ്രയിച്ചിരിക്കും.
